
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്തില്‍ വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. തൊഴിലിടങ്ങളിലേക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും റോഡുകളില്‍ കുടുങ്ങി കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഗതാഗത വകുപ്പ് രംഗത്ത്. രാവിലെയും വൈകിട്ടും സ്കൂളിലേക്കും ജോലിസ്ഥലത്തേക്കും പോകുന്നവര്‍ കുടുങ്ങിക്കിടക്കുന്നത് മിക്ക റോഡുകളിലും പതിവ് കാഴ്ചയാണ്. ഗതാഗത കുരുക്കും യാത്രാ ദുരിതവും പരിഹരിക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ യാത്ര ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകം സ്കൂള്‍ ബസുകള്‍ സജ്ജീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സേവന വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്സാഹൂ അറിയിച്ചു.
സ്കൂള്‍ ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യം ഗതാഗത വകുപ്പ് വിലയിരുത്തുന്നുണ്ടെന്നും അബ്ദുല്‍ അസീസ് അല്സാഹൂ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാരം കുറയ്ക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈത്ത് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ (കെപിടിസി) സ്കൂള്‍ ബസുകളില്‍ കുട്ടികള്‍ക്ക് സുരക്ഷിത യാത്രക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി താഗത വകുപ്പ് മേധാവി മുഹമ്മദ് അല്ഫൈലക്കാവി പറഞ്ഞു. വിദ്യാര്‍ത്ഥികളെ സ്കൂളുകളിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ മന്ത്രാലയം 1,416 സ്കൂള്‍ ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബസുകളുടെ ആവശ്യം ഉയര്‍ന്നാല്‍ എണ്ണം 1,686 ആയി ഉയര്‍ത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ ഓരോ വിദ്യാഭ്യാസ ജില്ലയ്ക്കും പ്രത്യേകം ബസുകള്‍ അനുവദിച്ചിട്ടുണ്ട്.
തലസ്ഥാന ജില്ലയില്‍ 100 വാഹനങ്ങള്‍, ഹവല്ലി ജില്ലയില്‍ 100, ഫര്‍വാനിയ 155, മുബാറക് അല്‍ കബീര്‍ 86, അല്‍ അഹമ്മദി 360, അല്‍ ജഹ്റ 125 എന്നിങ്ങനെയാണ് ബസുകള്‍ അനുവദിച്ചത്. മതപഠന മന്ത്രാലയത്തിന്റെ പ്രത്യേക സ്കൂളുകള്‍ക്കായി 240 ബസുകള്‍, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള സ്കൂളുകള്‍ക്കായി 100 ബസുകള്‍ എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.
ഫാറൂഖ് ഹമദാനി കുവൈത്ത് സിറ്റി