
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി: ഖാന് യൂനിസില്‍ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുന്നതിന് ഗസ്സ മുനമ്പില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ആശുപത്രികളെയും ആരോഗ്യ പരിപാലന മേഖലയെയും പിന്തുണയ്ക്കുന്നതിനായി യുഎഇ മൂന്ന് ടണ്‍ മെഡിക്കല്‍ സാമഗ്രികളും വിവിധതരം മരുന്നുകളും അടിയന്തരമായി നല്കി. ഖാന് യൂനിസിലെ നാസര്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മരുന്നുകളുടെ ദൗര്‍ലഭ്യം സംബന്ധിച്ച് ആരോഗ്യമേഖലയില്‍ നിന്നുള്ള ആവശ്യത്തെ തുടര്‍ന്നാണ് പരിക്കേറ്റവര്‍ക്കും രോഗികള്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ ആളുകള്‍ക്കും തുടര്‍ന്നും മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കാന്‍ യുഎഇ സഹായമെത്തിച്ചത്. ക്ഷാമം നേരിടുന്ന ആശുപത്രികള്‍ക്ക് ആവശ്യമായ നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍, വിവിധ തരത്തിലുള്ള പരിക്കുകള്‍ക്കുള്ള മരുന്നുകള്‍, പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ തുടങ്ങിയവ എത്തിച്ചു. ഈ നിര്‍ണായക സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള വിവിധ സംവിധാനങ്ങള്‍ മെഡിക്കല്‍ സഹായത്തില്‍ ഉള്‍പ്പെടുന്നു.
വിവിധ ആശുപത്രികളുമായും അന്താരാഷ്ട്ര മെഡിക്കല്‍ ഓര്‍ഗനൈസേഷനുകളുമായും ഏകോപിപ്പിച്ചാണ് യുഎഇ, ഗസ്സ മുനമ്പിലെ ആരോഗ്യപരിരക്ഷയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. മേഖലയില്‍ നിരവധി ആശുപത്രികള്‍ക്ക് നാശം സംഭവിച്ചതിനാല്‍ മെഡിക്കല്‍ സഹായം ലഭിക്കാതെ പതിനായിരങ്ങള്‍ ബുദ്ധിമുട്ടുകയാണ്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ 10 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഗസ്സ മുനമ്പിലെ ആശുപത്രികള്‍ക്ക് യുഎഇ മെഡിക്കല്‍ സഹായം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കെയര്‍ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കുമുള്ള ശേഷി വര്‍ധിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, അവശ്യസാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ രാജ്യം അയച്ച സഹായത്തിന്റെ ആകെ തുക 337 ടണ്ണിലെത്തി.