
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ : അറബി ഇതര ഭാഷകള്‍ക്കായി ഷാര്‍ജയില്‍ നിശ്ചയിച്ച മസ്ജിദുകളുടെ എണ്ണം 93 ആക്കി പുനഃക്രമീകരിച്ചു. ഇതില്‍ നാലെണ്ണം മലയാള ഭാഷയിലുള്ളതാണ്. ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളം കൂടാതെ, ഇംഗ്ലീഷ്,ഉറുദു,പഷ്തൂ,തമിഴ് ഭാഷകളാണ് അറബ് ഇതര ഭാഷയായി മസ്ജിദുകളില്‍ ഉപയോഗിക്കുക. ജുമുഅ ഖുതുബ,ചര്‍ച്ചകള്‍,മത പാഠങ്ങള്‍,അറിയിപ്പുകള് തുടങ്ങിയവ നിശ്ചയിച്ച അറബി ഇതര ഭാഷകളില്‍ ഇമാമുമാര്‍ക്ക് പങ്കുവെക്കാം. മതപരമായ അറിവും അനുഷ്ഠാനങ്ങളിലെ ചിട്ടയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും പ്രചരിപ്പിക്കുന്നതിലുള്ള ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി.
ഷാര്‍ജ സിറ്റിയില്‍ മാത്രം 74 മസ്ജിദുകളില്‍ ഇതര ഭാഷയിലുള്ള ഖുതുബയാണ് നിര്‍വഹിക്കപ്പെടുക. എമിറേറ്റിന്റെ മധ്യ മേഖലയില്‍ 10 മസ്ജിദുകളും കിഴക്കന്‍ മേഖലയില്‍ 9 മസ്ജിദുകളും അറബി ഇതര ഭാഷകള്‍ക്കായി നിജപ്പെടുത്തി. ഷാര്‍ജ സിറ്റി ഉമ്മുല്‍ തറഫയിലെ അല്‍ അസീസ് മസ്ജിദ്,മുവൈലിയ കൊമേഴ്ഷ്യലിലെ അസ്മ ബിന്ത് ഉമൈസ് മസ്ജിദ്,ഖോര്ഫുക്കാന് അല്‍ ബര്‍ദി ഒന്നിലെ അല്‍ തൗഹീദ് മസ്ജിദ്,ഖല്‍ബ അല്‍ ബുതൈനിലെ അബ്ദുറഹ്മാന് ബിന്‍ ഔഫ് മസ്ജിദ് എന്നീ നാലു മസ്ജിദുകളാണ് മലയാള ഭാഷക്കായി നിശ്ചയിച്ചിരിക്കുന്നത്. ഖുതുബ പ്രഭാഷണം വിശ്വാസികള്‍ പ്രയോജനപ്പെടുത്തുന്നതിന് വകുപ്പ് നടത്തിയ നിരവധി പഠനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് വകുപ്പ് മേധാവി അബ്ദുല്ല ഖലീഫ അല്‍ സെബൂസി പറഞ്ഞു.
മതപരവും നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ വിശ്വാസികളെ ബോധവത്കരിക്കല്‍,മതമൂല്യങ്ങളും പൊതു മര്യാദകളും ശീലിപ്പിക്കലും ഇതിലൂടെ സാധ്യമാവുമെന്ന് പ്രതീക്ഷിക്കുന്നു. പ്രഭാഷണങ്ങളും സംവദിക്കലും അംഗീകൃത ഭാഷകളില്‍ വിശദീകരിക്കുന്നതിനു ആവശ്യമായ പരിശീലനവും ഇമാമുമാര്‍ക്ക് ഇസ്ലാമിക് അഫയേഴ്സ് വകുപ്പ് നല്കി വരുന്നു. മതപരമായ ചര്‍ച്ചകള്‍ മെച്ചപ്പെടുത്തുന്നതിനും ഇസ്ലാമിന്റെ സഹിഷ്ണുതയുടെ പാഠങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രബോധകരുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ പരിശീലനം.
വിവിധ ഭാഷാ സമൂഹം അധികമായി ഒത്തുകൂടുന്ന പ്രദേശം,പള്ളിയുടെ വിസ്തൃതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അറബി ഇതര ഭാഷകള്‍ക്കായി മസ്ജിദുകള്‍ തിരഞ്ഞെടുക്കുന്നത്. ഭിന്നശേഷി വിശ്വാസികള്‍ക്കായി ഷാര്‍ജയിലെ ഇമാം അഹ്്മദ് ബിന്‍ ഹമ്പല്‍ മസ്ജിദില്‍ വെള്ളിയാഴ്ച പ്രഭാഷണം ആംഗ്യ ഭാഷയിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യുന്ന സംവിധാനവും ഒരുക്കി. രാജ്യത്ത് മസ്ജിദുകളില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ തത്സമയ ആംഗ്യ ഭാഷ വിവര്‍ത്തന സംവിധാനം സജ്ജീകരിക്കുന്നത്. എമിറേറ്റിലെ മസ്ജിദുകള്‍ ഭിന്നശേഷി സൗഹൃദമാക്കുകയാണ് ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.