
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: യുഎഇ എന്ന രാജ്യത്തിന്റെ വളര്‍ച്ചക്ക് ദൃക്സാക്ഷിയായ ആദ്യകാല പ്രവാസികളിലെ കാരണവരായിരുന്നു കഴിഞ്ഞ ദിവസം ദുബൈയില്‍ അന്തരിച്ച പ്രമുഖ വ്യവസായി ഡോ.റാം ബുക്സാനി. പതിനെട്ടാമത്തെ വയസ്സില്‍ ദുബൈയില്‍ കപ്പലിറങ്ങിയ ബുക്സാനി ആറര പതിറ്റാണ്ട് കാലം ദുബൈയുടെ വളര്‍ച്ചക്കൊപ്പം ഉയര്‍ന്നു വന്ന ഇന്ത്യന്‍ വ്യവസായിയായിരുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 83 വയസ്സായിരുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദില്‍ 1941ലാണ് ഡോ. റാം ബുക് സാനി ജനിച്ചത്. 18 വയസ്സുള്ളപ്പോള്‍, 1959 നവംബര്‍ 18 നാണ് അദ്ദേഹം ദുബൈയില്‍ കപ്പലിറങ്ങുന്നത്. ആറാമത്തെ വയസ്സില്‍ പിതാവ് മരിച്ച ബുക്സാനിക്ക് വിദേശത്ത് ഏതെങ്കിലും കമ്പനിയില്‍ ജോലി ചെയ്യണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് ദുബൈയിലെത്തുന്നത്. അക്കാലത്ത് ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഹിന്ദുസ്ഥാന്‍ എന്ന പത്രത്തില്‍ കണ്ട പരസ്യത്തിലൂടെ ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്ക് അപേക്ഷിക്കുകയും അത് ലഭിക്കുമായിരുന്നും. ബര്‍ദുബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന കോസ്മോ കമ്പനിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. അന്ന് 125 രൂപയായിരുന്നു ശമ്പളം. ബ്രിട്ടിഷ് ഭരണത്തിന് കീഴിലായിരുന്ന ദുബൈയില്‍ ഇന്ത്യന്‍ രൂപയായിരുന്നു ഉപയോഗിച്ചിരുന്നത്. 108 ദുബൈ രൂപ നല്കിയാല് 100 ഇന്ത്യന്‍ രൂപ ലഭിക്കും. അക്കാലത്ത് ദുബൈ വളര്‍ച്ചയൊന്നുമില്ലാത്ത സാധാരണ നഗരമായിരുന്നു. ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ബുക്സാനി അറിയപ്പെടുന്ന വ്യവസായി ആയി മാറുന്നത്. യുഎഇ രൂപീകൃതമായതോടെ യുഎഇയുടെ വളര്‍ച്ചക്കൊപ്പം ഡോ. റാം ബുക്സാനിയുടെ ജീവിതവും ഉയര്‍ന്നു. അക്കാലത്ത് 30,000 ആളുകള്‍ മാത്രമുണ്ടായിരുന്ന ദുബൈയുടെ ചിത്രം അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ആവശ്യത്തിന് വെള്ളമോ വെളിച്ചമോ ഗതാഗത സംവിധാനമോ ഇല്ലാത്ത മരുഭൂമിയിലെ ചെറിയൊരു പട്ടണമായിരുന്നു ദുബൈ. അന്ന് വൈദ്യുതിയും വെള്ളവും അമൂല്യമായിരുന്നു. ചില യൂറോപ്യന്‍ കമ്പനികള്‍ക്ക് മാത്രമാണ് ്വന്തമായി ഡീസല്‍ ജനറേറ്ററുകള്‍ ഉണ്ടായിരുന്നത്.
പിന്നീട്, നഗരത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനും വിതരണം ചെയ്യാനുമായി കമ്പനികള്‍ക്ക് കരാര്‍ കൊടുത്തപ്പോള്‍ റാം ബുക്സാനി ജോലി ചെയ്തിരുന്ന കമ്പനിയും ഇതില്‍ പങ്കാളികളായി. പതിനെട്ടാം വയസ്സില്‍ ബര്‍ദുബൈയിലെ എടിഎല്‍ കോസ്മോസ് കമ്പനിയില്‍ ക്ലാര്‍ക്കായി ജോലി ആരംഭിച്ച റാം ബുക് സാനി യുഎഇയുടെ വളര്‍ച്ചയോടൊപ്പം ഉയര്‍ന്ന് ഒരു വിജയകരമായ വ്യവസായിയായി മാറി. ഓഫിസ് അസിസ്റ്റന്റായി ജോലി ആരംഭിച്ച കമ്പനി പിന്നീട് സ്വന്തമാക്കിയ റാം ബുക് സാനി ഇന്ന് 500 ജീവനക്കാരുള്ള ആ വലിയ വ്യവസായ ഗ്രൂപ്പിന്റെ ഉടമയും ചെയര്‍മാനുമാണ്. യുഎഇ ഭരണാധികാരികളുടെ നയപരമായ ഇടപെടലുകളും ജനകീയ തീരുമാനങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങളും തന്നെയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദഹം പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇയില്‍ ഇലക്ട്രോണിക്സ്, റിട്ടെയില്‍, ടെക്സ്റ്റൈല്‍, ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ തുടക്കം കുറിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സ്ഥാപകരിലൊരാളായ റാം ബുക് സാനി, ഓവര്‍സീസ് ഇന്ത്യന്‍ ഇക്കണോമിക് ഫോറം ചെയര്മാന് എന്ന നിലയില്‍ പ്രവാസികളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവര്‍ത്തിച്ചു. കുവൈത്ത് യുദ്ധം, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ ദുരന്ത സമയങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം മരിക്കുന്നതുവരെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.