
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ഷാര്‍ജ : എമിറേറ്റില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് നാട കുത്തുകാരുടെ തട്ടിപ്പ് വ്യാപകം. പണം നഷ്ടമായവരും, നാടകുത്ത് നടത്തിപ്പുകാരും തമ്മിലുള്ള വാക്ക് തര്‍ക്കവും പോര് വിളിയും ശല്യമാവുന്നതായി സമീപവാസികള്‍. ഒരു ഇടവേളക്ക് ശേഷം ഷാര്‍ജയുടെ മിക്ക ഭാഗങ്ങളിലും നാടകുത്ത് സംഘം സജീവമായി. പൊതു ജനങ്ങളെ പറഞ്ഞ് പറ്റിച്ച് ദിവസവും ആയിരക്കണക്കിന് ദിര്‍ഹമാണ് ഇവര്‍ കീശയിലാക്കുന്നത്. ഇസ്തിരി ടേബിളും, എമര്‍ജെന്‍സി ലൈറ്റും, തുണി ബെല്‍റ്റും, സ്ക്രൂ ഡ്രൈവറുമായി പ്രധാന പട്ടണങ്ങളിലും മാളുകള്‍ക്ക് മുന്നിലുമൊക്കെ പ്രലോഭനങ്ങളുമായി ജനങ്ങളെ വലയിലാക്കുന്നു ഇവര്‍. നേരത്തെ വ്യവസായ മേഖലകളായിരുന്നു നാടകുത്തുകാരുടെ കേന്ദ്രം. പതുക്കെ റെസിഡെന്‍ഷ്യല്‍ മേഖലകളിലും വ്യാപാര മേഖലകളിലും തട്ടിപ്പ് സംഘം ഇസ്തിരി ട്ടേബിളുമായി എത്തി. പത്ത് വരെ അംഗങ്ങള്‍ സംഘമായി വന്ന് നാടകുത്തിന് കളമൊരുക്കുന്നു. അധികൃതരുടെ പിടിയിലാവാതിരിക്കാന്‍ ‘നിരീക്ഷണ കണ്ണുമായി’ സംഘത്തിലെ മൂന്ന് നാല് പേര് കണ്ണായ ഭാഗങ്ങളില്‍ നിലയുറപ്പിക്കും. പോലീസ് വാഹനങ്ങള്‍ കണ്ടാല്‍ നൊടിയിടയില്‍ വിവരം കൈമാറലാണിവരുടെ ഡ്യൂട്ടി. വിവരമെത്തിയാല്‍ ഇസ്തിരി ട്ടേബിള്‍ മടക്കികൂട്ടിയിട്ട് ഇരുളിലേക്ക് ഓടി മറഞ്ഞോ, പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കിടയില്‍ പതുങ്ങിക്കൂടിയോ രക്ഷപ്പെടാനുള്ള ശ്രമമായി. പ്രധാനമായും കാല് നടക്കാരാണിരകള്. നാടകുത്ത് ട്ടേബിളില്‍ പണം വെച്ചാണ് കളി. ജയിച്ചാല്‍ വെച്ച സംഖ്യക്ക് ഇരട്ടി ലഭിക്കുമെന്നാണ് വാഗ്ദാനം. ചുറ്റും കൂടി നില്ക്കുന്നവരില് നാല് പേര് വരെ സംഘത്തിലെ കണ്ണികളായിരിക്കും. മറ്റുള്ളവരെ പ്രലോഭിപ്പിക്കാന്‍ ആദ്യമാദ്യം പണം വെച്ച് കളിയിലേര്പ്പെടുന്നവരും ഇതേ മൂന്ന് നാല് പേരായിരിക്കും. അവര്‍ ജയിക്കുകയും നടത്തിപ്പുകാര്‍ ഇരട്ടി സംഖ്യ അവര്‍ക്ക് കൈമാറുകയും ചെയ്യും.
ഇതോടെ കാഴ്ചക്കാരായി നിന്നവരില്‍ പലരുടെയും മോഹമുണരും, പണം വെക്കും, കളി തുടങ്ങും. പക്ഷേ, പണം തട്ടിപ്പുകാരുടെ കീശയിലാവുന്നതല്ലാതെ കളിയിലേര്പ്പെട്ടവര്ക്ക് കിട്ടില്ല. നേരത്തെ കളിക്കുകയും ഇരട്ടി തുക സമ്മാനമായി ലഭിക്കുകയും ചെയ്തവര്‍ തട്ടിപ്പ് സംഘത്തില്‍ പെട്ടവരാണെന്നും, ജയിക്കുകയും അവര്‍ക്ക് പണം കൈമാറുകയും ചെയ്തത് നാടകമായിരുന്നു എന്നും തിരിച്ചറയുമ്പോഴേക്കും സമയം ഏറെ വൈകിയിരിക്കും. ഇതിനിടക്ക് കളിയിലേര്‍പ്പെട്ട് കീശ കാലിയാവും. അതോടെ വാക്ക് തര്‍ക്കവും ബഹളവുമാവുന്നു. കയാങ്കളിയുടെ വക്കിലെത്തുന്നതോടെ കൂടി നിന്നവരില്‍ ചിലര്‍ മധ്യസ്ഥരുടെ റോളില്‍ ഇടപെടും. അതും തട്ടിപ്പ് സംഘത്തിന്റെ പ്രതിനിധികള്‍.
ഇരു ഭാഗവും കേട്ടതിന് ശേഷം ന്യായം തട്ടിപ്പ് സംഘത്തിന്റെ ഭാഗത്താണ് എന്ന വിധിയെഴുത്ത്. പിന്നെയും തര്‍ക്കിച്ചാല്‍ മധ്യസ്ഥരുടെ വക ഭീഷണിയായി. ഇതോടെ പണം നഷ്ടമായത് കൂടാതെ അടിയും വാങ്ങിക്കൂട്ടേണ്ടതില്ല എന്ന ചിന്തയോടെ കഥ അറിയാതെ കളിക്കാനിറങ്ങിയവര്‍ സ്ഥലം വിടുന്നു. ദിവസവും നൂറുക്കണക്കിന് പേരാണ് നാടകുത്ത് സംഘത്തിന്റെ കെണിയിലകപ്പെടുന്നത്. പ്രധാന വ്യാപാര മേഖലയായ റോളയിലടക്കം നാട കുത്ത് സംഘം തട്ടിപ്പിന് കളമൊരുക്കുന്നു.