
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
കുവൈത്ത് സിറ്റി : മരുഭൂമിയിലെ പൊടിക്കാറ്റും കടുത്ത ചൂടും പ്രമേഹ രോഗവും പൊണ്ണത്തടിയും വര്‍ധിക്കുന്നതിന് കാരണമാകുന്നതായി പഠനം. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ (എഡിഎ) സഹകരണത്തോടെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് പുറത്തിറക്കിയ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് ദസ്മന്‍ ഡയബറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ.ഫൈസല്‍ അല്‍രിഫായി പറഞ്ഞു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, കുവൈത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് (കെഐഎസ്ആര്‍), ദസ്മന്‍ ഡയബറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ‘കുവൈത്തിലെ പ്രമേഹരോഗികളില്‍ പൊടിക്കാറ്റിന്റെയും കൊടും ചൂടിന്റെയും സംയോജിത ആഘാതം’ എന്ന തലക്കെട്ടില്‍ പഠനം നടത്തിയത്.
പൊടിക്കാറ്റ്, കൊടും ചൂട് തുടങ്ങിയ കഠിനമായ പാരിസ്ഥിതിക പ്രതിഭാസങ്ങള്‍ പ്രമേഹ രോഗികളെ എങ്ങിനെ സ്വാധീനിക്കുമെന്ന് വിദഗ്ധ പഠനത്തിന് വിഷയമാക്കി. പ്രത്യേക യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ശേഖരിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് താപനില വിവരങ്ങളും ആസ്പത്രികളില്‍ നിന്ന് പ്രമേഹ രോഗികളുടെ കണക്കും ശേഖരിച്ചു. 2017 2019 കാലയളവിലാണ് ഇത് സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നത്. ദസ്മന്‍ ഡയബറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകന് ഡോക്ടര്‍ ഹമദ് യാസിന്, കുവൈത്ത് സര്‍വകലാശാലയിലെ ഡോക്ടര്‍ ബറാക് അല്‍അഹമ്മദ്, സയന്റിഫിക് റിസര്‍ച്ചിലെ ഡോക്ടര്‍ അലി അല്‍ ഹമൂദ് എന്നിവരാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
‘പൊടിക്കാറ്റും കൊടും ചൂടും പ്രമേഹരോഗം വര്‍ദ്ധിക്കാനിടയാക്കുന്നു. മിക്ക രോഗികള്‍ക്കും വിദഗ്ധ ഡോക്ടറുടെ പരിചരണവും ആശുപത്രി ചികിത്സയും ആവശ്യമായി വരുന്നുണ്ട്. കാലാവസ്ഥ മാറ്റം രോഗാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് പ്രമേഹരോഗികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും, മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുള്‍ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും വേണം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോധവല്കരണം നടത്തും’ ഡോക്ടര്‍ ഫൈസല്‍ അല്‍രിഫായി പറഞ്ഞു. ഗവേഷണം, സംയോജിത പ്രതിരോധം, പരിശീലനം, വിദ്യാഭ്യാസം, കൃത്യമായ ചികിത്സ നല്കല് എന്നിവയിലൂടെ പ്രമേഹ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് പദ്ധതി. ഉയര്‍ന്ന താപനില ശരീരത്തെ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു, ഇത് ഗ്ലൂക്കോസ് നിയന്ത്രണ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാലിലെ അള്‍സര്‍, ഉയര്‍ന്നതോ കുറഞ്ഞതോ ആയ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കും. പൊടിപടലങ്ങള്‍ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് പ്രമേഹ രോഗികളുടെ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിലെ റിസര്‍ച്ച് സെക്ടര്‍ ഡയറക്ടര്‍ പ്രൊഫസര്‍ ഫഹദ് അല്‍മുല്ല പറഞ്ഞു.