
ഖത്തറില്‍ മരണപ്പെട്ടു
94 ആമത് ദേശീയദിനം കൊണ്ടാടുന്ന സഊദി അറേബ്യയുടെ പിന്നിട്ട വഴികളില്‍ ജീവന്റെ തുടികൊട്ടും ജീവിതത്തിന്റെ ദ്രുതതാളവും കേള്‍ക്കാം. ജിദ്ദയിലും റിയാദിലും തബൂക്കിലും ജിസാനിലും മക്കയിലും മദീനയിലുമൊക്കെയായി 27 വര്‍ഷക്കാലം ചെലവിട്ട കാലങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഗൃഹാതുരത്വം വഴിഞ്ഞൊഴുകും. സ്നേഹവും സൗഹൃദവും വിവേചനരഹിതമായ പെരുമാറ്റവും കൊണ്ട് നിറഞ്ഞ നാളുകളായിരുന്നു സൗദി അറേബ്യ സമ്മാനിച്ചത്. നീതിമാന്മാരായ മൂന്ന് രാജാക്കന്മാരുടെ ഭരണത്തിന് കീഴില്‍ സുരക്ഷിതമായി ജീവിക്കാനായത് വലിയ കൃതജ്ഞത നിറഞ്ഞ അനുഭവങ്ങളാണ്. ബദു സംസ്കാരത്തിന്റെ കാതല്‍ ആദിത്യമര്യാദയുടെ കൊടിയടയാളങ്ങളാണെന്ന് നേരിട്ടനുഭവിച്ച വര്‍ഷങ്ങളായിരുന്നു പിന്നിട്ടത്. 100 ശതമാനവും മുസ്ലിംകള് മാത്രം പൗരന്മാരായുള്ള ഒരു അറബ് രാജ്യം നാനാജാതി മത ഭാഷാ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായി പരിലസിക്കുന്ന കാഴ്ച്ച ആനന്ദദായകമാണ്. നേരറിയാന്‍ ഈ മണ്ണില്‍ത്തന്നെ വരികയും തുറന്നൊരു ഹൃദയത്തോടെ ഇടപെടുകയും ചെയ്യണം. ചെപ്പ് തുറക്കുന്ന ഒരത്ഭുതമാണ് സൗദി.
രാജ്യത്തിന്റെ ചരിത്രം ഓര്‍ത്തുപോകുന്ന സന്ദര്‍ഭമാണല്ലോ ഇത്. അബ്ദുല്‍ അസീസ് രാജാവാണ് രാഷ്ട്ര പിതാവ്. 1902 മുതല്‍ 1953ല്‍ മരിക്കുന്നത് വരെ അദ്ദേഹമാണ് രാജ്യത്തെ സൃഷ്ടിച്ചതും നയിച്ചതും. മുഴുവന്‍ പേര് അബ്ദുല്‍അസീസ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് ബിന്‍ സഊദ് എന്നാണ്. ഇബ്നു സഊദ് എന്ന പേരിലും ഇദ്ദേഹം അറിയപ്പെടും. 1890ല്‍ തന്റെ പിതാവ് അബ്ദുറഹിമാനെ കുവൈറ്റിലേക്ക് നാടു കടത്തുമ്പോള്‍ അബ്ദുല്‍അസീസിന് വയസ്സ് 15. 1902ല്‍ 40 കൂട്ടുകാരോടൊത്ത് അദ്ദേഹം റിയാദിലെ ദരിയാ കോട്ട തിരിച്ചുപിടിച്ച് ജോര്‍ദാനിലെ റാഷിദ് വംശത്തിന്റെ ഭരണം അവസാനിപ്പിച്ചു. തുടര്‍ന്ന് 1915ല്‍ തുര്‍ക്കി പ്രവിശ്യയായ അല്‍ഹസ കീഴടക്കി നെജ്ദിന്റെയും ഹസയുടെയും അമീറായി. പിന്നീട് അദ്ദേഹം ഹുസൈന് ഇബ്നു അലിയെ കീഴ്പ്പെടുത്തുകയും 1923ല്‍ അസീറിനെയും 1925ല്‍ വിശുദ്ധ നഗരമായ മക്കയെയും പിടിച്ചെടക്കി.
1926 ആയപ്പോഴേക്കും നജ്ദ്, ഹിജാസ്, അല്‍ഹസ, അസീര്‍ പ്രാവിശ്യകളെല്ലാം ഉള്‍പ്പെട്ട അറേബ്യന്‍ ഉപദ്വീപിന്റെ ഭൂരിഭാഗവും അബ്ദുള്അസീസിന്റെ കീഴില്‍ വന്നു. അതുവരെ അമീര്‍ എന്നറിയപ്പെട്ടിരുന്ന പദവിയില്‍നിന്നും നജ്ദിന്റെയും ഹിജാസിന്റെയും രാജാവ് ആയി അറിയപ്പെട്ടു. 1932 സെപ്റ്റംബര്‍ 23ന് ‘സഊദിന്റെ കുടുംബം’ ഭരിക്കുന്ന രാജ്യമെന്ന അര്‍ത്ഥത്തില്‍ ‘സൗദി അറേബ്യ’ എന്ന് രാജ്യത്തിന് പുനര്‍നാമകരണം ചെയ്തു. 1933ല്‍ എണ്ണ പര്യവേക്ഷണത്തിന് തുടക്കം കുറിച്ചു. 1944ല്‍ ‘ദ അറേബ്യാ അമേരിക്കന്‍ ഓയില്‍ കമ്പനി’ രൂപീകരിച്ചുകൊണ്ട് അദ്ദേഹം രാജ്യത്തിന്റെ തുടര്‍ന്നുള്ള വികസനത്തിന് അടിത്തറ പാകി.
ലക്ഷക്കണക്കിന് മലയാളികളാണ് ഇന്ന് സൗദിയില്‍ ജോലി ചെയ്യുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ ആയി മലയാളിയുടെ ഗള്‍ഫ് പ്രവാസം ആരംഭിച്ചിട്ട്. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചിരിക്കുന്നു സൗദി അറേബ്യ. അതോടൊപ്പം തന്നെ, ജനങ്ങളില്‍ ദാനധര്‍മ്മങ്ങള്‍ വളര്‍ത്തുന്ന സംസ്കാരം പരിപോഷിപ്പിക്കുന്നതില്‍ ഈ രാജ്യത്തിന്റെ പങ്ക് വലുതാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള രണ്ടാമത്തെ രാജ്യമാണ് സൗദി.
ഇവിടെനിന്നും കേരളത്തിലേക്കെത്തുന്ന അത്രയും വിദേശ നാണ്യം വേറൊരു രാജ്യത്തുനിന്നും എത്തുന്നില്ല. ഒരുപക്ഷെ, ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വിദേശ നാണ്യം ലഭിക്കുന്ന പ്രദേശമാണ് സൗദി മലയാളികള്‍ ഏറെയുള്ള മലപ്പുറം ജില്ല. ജില്ലയുടെ നട്ടെല്ല് തന്നെ ഈ വിദേശ സാമ്പത്തിക സ്രോതസ്സാണ്. അതുണ്ടാക്കുന്ന സര്‍പ്ലസ് മണിയാണ് റിയലെസ്റ്റേറ്റിലും മറ്റുമായി ഇന്‍വെസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
രാജഭരണമായതിനാല്‍ രാഷ്ട്രീയാധിപ്രസരം ഈ നാട്ടില്‍ തീരെയില്ല. ആയതിനാല്‍ തന്നെ അഴിമതിയും ദൂര്‍ത്തും സമരങ്ങളും വളരെ കുറവാണ്. ജനങ്ങള്‍ ഏറെ സന്തുഷ്ടരാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വ്യതിയാനം ഉണ്ടാവാറില്ല. ഒരു ലിറ്റര്‍ പെട്രോളിന് 2.18 റിയാല്‍ (48 രൂപ) യാണ്. ഡോളറിന് 3.75 റിയാല്‍ എന്നത് ഫിക്സഡ് ആയതിനാല്‍ കറന്‍സിയുടെ മൂല്യം കുറയുകയോ കൂടുകയോ ചെയ്യുന്നില്ല. ആത്മഹത്യാ നിരക്ക് വളരെ താഴെയാണ്. 137 രാജ്യങ്ങളുടെ ഹാപ്പിനെസ്സ് ഇന്‍ഡക്സ് എടുത്താല്‍ സൗദി അറേബ്യ 32 ആം സ്ഥാനത്തും ഇന്ത്യ 126 ആം സ്ഥാനത്തുമാണ്. ഇരു രാജ്യങ്ങളും നല്ല ബന്ധങ്ങളിലൂടെയാണ് കടന്നു പോകുന്നത്. വാണിജ്യ, വ്യാവസായിക, സാങ്കേതിക മേഖലകളിലൊക്കെ വലിയ ചങ്ങാത്തമാണ് നിലവിലുള്ളത്.
അനുക്രമം വളരുന്ന സൗദി രാജ്യത്തോടൊപ്പം ലോകത്തിന്റെ വിവിധ ദേശക്കാരായ ഒന്നരക്കോടിയോളം പ്രവാസികളും അവരുടെ പ്രതീക്ഷകളും വളരുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 42% പ്രവാസികളാണ്. എങ്കിലും ഓരോ വ്യക്തിക്കും അവരവരുടെ സംതൃപ്ത ജീവിതത്തിന് യാതൊരു ഭംഗവുമില്ലാതെ മുന്നോട്ട് പോകുവാന്‍ കഴിയുന്ന ഒരു ഭരണ സംവിധാനം കുറ്റമറ്റ രീതിയില്‍ ഒരുക്കുന്നതില്‍ ഈ രാജ്യം വിജയിച്ചിരിക്കുന്നു. ക്ഷേമ രാജ്യത്തിലേക്കുള്ള യാത്രയില്‍ സൗദി അറേബ്യക്ക് ഭാവുകങ്ങള്‍ നേരുന്നു.