
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
സൂര്യ വിനീഷ്
നിര്‍മ്മാണങ്ങള്‍ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച യുഎഇയില്‍ മറ്റൊരു വിസ്മയം കൂടി ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മിത പൂളായ ‘സര്‍ഫ് അബുദാബി’ അടുത്ത മാസം അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിക്കും. അത്ഭുതക്കാഴ്ചകളും ലോകോത്തര സജ്ജീകരണങ്ങളുമായി ഒക്ടോബറില്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഹുദൈരിയാത്തില്‍ ഒരുക്കിയിരിക്കുന്ന ‘സര്‍ഫ് അബുദാബി’. കൃത്രിമ തിരമാലകള്‍ സൃഷ്ടിച്ച് സര്‍ഫിംഗിന് ഏറ്റവും അനുയോജ്യമായ ഇടമാക്കി ഇവിടം മാറ്റിയിരിക്കുകയാണ്. നാലു വയസുള്ള കുട്ടികള്‍ക്ക് സര്‍ഫിംഗിന്റെ ബാലപാഠം പഠിക്കുന്നതു മുതല്‍ മികവു തെളിയിച്ച പരിചയ സമ്പന്നര്‍ക്ക് വരെ ഇവിടെ പരിശീലനം നടത്താവുന്നതാണ്.
മൊഡോണ്‍, കെല്ലി സ്ലേറ്റര്‍ വേവ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് സര്‍ഫ് അബുദാബി. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ ഇവിടുത്തെ രൂപകല്പന കടലിലെ അതേ അനുഭവമാണ് നമുക്ക് നല്‍കുക. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ തന്നെ രാജ്യാന്തര പരിപാടിക്ക് ഇവിടം വേദിയാകുമെങ്കിലും പൂളിന്റെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബറിലാണ്. ഉയര്‍ന്ന നിലവാരമുള്ള കായിക സൗകര്യങ്ങള്‍ക്ക് പേരു കേട്ടതാണ് ഹുദൈരിയാത്ത് ദ്വീപ് തെരഞ്ഞെടുക്കാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ വിഭാഗത്തിലുള്ള ആളുകള്‍ക്കും പരിശീലിക്കുന്നതിനായി പ്രത്യേകം പ്രത്യേകം സജ്ജീകരണങ്ങളാണുള്ളത്. തുടക്കാര്‍ക്ക് മാത്രമായി ബീച്ച് ബ്രേക്ക്. സര്‍ഫിംഗിന്റെ ബാലപാഠം മുതലുള്ള കാര്യങ്ങള്‍ പഠിപ്പിക്കുന്നത് ഇവിടെയാണ്. സര്‍ഫിംഗ് പാഠം അനുകരിക്കുന്ന വൈറ്റ് വാട്ടര്‍, ആര്‍ജിച്ചെടുത്ത വിദ്യകള്‍ പരിശീലിച്ചു തുടങ്ങുന്ന ഗ്രീന്‍ വാട്ടര്‍, എന്നീ രണ്ടു വിഭാഗങ്ങളാക്കി തിരിച്ച സോണുകളിലാണ് പ്രവേശനം നല്‍കുക. അടുത്തത്, പരിചയക്കാര്‍ക്കുള്ള കൊക്കോ ബീച്ചാണ്. സര്‍ഫില്‍ അനുഭവ പരിചയം ഉള്ളവര്‍ക്കായി വേഗം കുറഞ്ഞതും അരയ്ക്കൊപ്പം ഉയരത്തിലുള്ളതുമായ തിരമാലയാണ് കൊക്കോ ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. ഇനി, സാഹസികത ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കും സര്‍ഫ് അബുദാബിയില്‍ ഉല്ലസിക്കാന്‍ അവസരമുണ്ട്. വേഗമേറിയ തിരമാലകളുള്ള ഇടമായ പോയിന്റ് ബ്രേക്കില്‍ സാഹസിക സര്‍ഫിംഗും സാധ്യമാകും. സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സുരക്ഷിത ഇടമാണ് പോയിന്റ് ബ്രേക്ക്. കെല്ലിസ് വേവ് എന്നത് പ്രൊഫഷണല്‍സിന് അനുയോജ്യമായ വിഭാഗമാണ്. സര്‍ഫിംഗില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണല്‍സിന് ഏറ്റവും അനുയോജ്യമായ ഇടമാണിത്. ഒന്നിലധികം ബാരല്‍ സെക്ഷനുകളുള്ള ഉയര്‍ന്ന പ്രകടന തരംഗങ്ങളാണ് ഈ സോണിന്റെ പ്രത്യേകത. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള സര്‍ഫിംഗ് ക്ലാസുകളില്‍ അടിസ്ഥാന, സാങ്കേതിക, സുരക്ഷ വിവരങ്ങളും പരിചയപ്പെടുത്തും. ലോകോത്തര താമസ, കായിക, വിനോദ കേന്ദ്രമായി 5.1 കോടി ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വികസിപ്പിക്കുന്ന വെലോഡ്രോം അബുദാബിയുടെ ഭാഗമായാണ് സര്‍ഫ് അബുദാബി. 220 കിലോമീറ്റര്‍ നീളത്തില്‍ ഹുദൈരിയാത്ത് ദ്വീപില്‍ ലോകോത്തര സൈക്ലിംഗ് ട്രാക്കും ഇവിടെ സജ്ജമാക്കുന്നുണ്ട്.