പ്രവാസികള്‍ക്ക് സ്വര്‍ണ്ണ നിക്ഷേപത്തിന് പുതിയ സാധ്യതകളൊരുക്കി ഓ ഗോള്‍ഡും അസ്പോറയും

ഗസ്സ: ഇസ്രാഈല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യയില്‍ നാളിതുവരെ കൊലപ്പെടുത്തിയത് 73,375 ലധികം ഫലസ്തീനികളെ. ഫലസ്തീന് ആരോഗ്യ മന്ത്രാലയത്തിന്റെയും ഗസ്സ ഗവണ്മെന്റ് മീഡിയ ഓഫീസിന്റെയും വിവരങ്ങള്‍ പ്രകാരം 2023 ഒക്ടോബര്‍ 7 മുതല്‍ ഓഗസ്റ്റ് 3 വരെയുള്ള കണക്കാണിത്. ഏകപക്ഷീയ ആക്രമണവും കൊലപാതകങ്ങളും ഇപ്പോഴും തുടരുന്നു. റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് 73,375 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് ഗസ്സയിലെ ഓരോ 33 പേരില്‍ ഒരാള്‍ എന്ന തോതിലാണെന്ന് മന്ത്രാലയം പുറത്തിറക്കിയ ഇന്‍ഫോഗ്രാഫിക് വ്യക്തമാക്കുന്നു. കുറഞ്ഞത് 174,220 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലര്‍ക്കും ജീവിതകാലം മുഴുവന്‍ ബാധിക്കുന്ന ഗുരുതര പരിക്കുകളുണ്ട്. ഇത് ഗസ്സയിലെ ഓരോ 14 പേരില്‍ ഒരാള്‍ എന്ന തോതിലാണ് കണക്കാക്കിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഒക്ടോബര്‍ 10ലെ വെടിനിര്‍ത്തലിന് ശേഷം മാത്രം 1,250 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 4,110 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗസ്സ, ഗസ്സ സിറ്റി, ദെയര്‍ അല്ബലാഹ,് ഖാന് യൂനിസ്, റഫ എന്നീ പ്രദേശങ്ങളാണ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂപടത്തിലെ ചുവപ്പ് നിറത്തിലുള്ള ഭാഗങ്ങള്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളെ സൂചിപ്പിക്കുന്നതാണെന്ന് കാണിക്കുന്നു. സംഘര്‍ഷത്തിന്റെ ആദ്യ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് രേഖപ്പെടുത്തിയത്. ആദ്യ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ 30,000ത്തിലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. അതിനുശേഷം 2026 വരെ പ്രതിമാസം ശരാശരി 1,600 മരണങ്ങള് വീതം രേഖപ്പെടുത്തിയതായും പറയുന്നു. 55,000 മരണങ്ങള് എന്ന കണക്കില്‍ പറയുമ്പോള്‍ ഗസ്സ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനത്തിന് തുല്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികളും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും കാരണം നിരവധി പരിക്കുകള്‍ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടാതെ പോകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, മരുന്നുകളുടെ ക്ഷാമം, വൈദ്യുതി തടസ്സങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍ ചികിത്സാ സേവനങ്ങള്‍ ഗുരുതരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. ചില ശസ്ത്രക്രിയകള്‍ മയക്കുമരുന്നോ (അനസ്തീഷ്യ) ആന്റിബയോട്ടിക്കുകളോ ഇല്ലാതെയാണ് നടത്തേണ്ടിവരുന്നത്. ലോകത്ത് ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ കൈകാലുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ ഗസ്സയിലാണെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയും നിരവധി മാനുഷിക സഹായ സംഘടനകളും പറയുന്നത് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ യഥാര്‍ഥ മരണസംഖ്യയെക്കാള്‍ കുറവായിരിക്കാമെന്നാണ്. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്, ആയിരക്കണക്കിന് ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രോഗങ്ങള്‍, പോഷകാഹാരക്കുറവ്, ആരോഗ്യ സേവനങ്ങളിലെ തടസ്സങ്ങള്‍ എന്നിവ മൂലമുള്ള മരണങ്ങള് കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ചില വിലയിരുത്തലുകള്‍ പ്രകാരം മരണസംഖ്യ 100,000ത്തിലധികമായിരിക്കാമെന്നും യുഎന്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.