ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ഷാര്‍ജ: എമിറേറ്റിലെ പൊതുജന, സര്‍ക്കാര്‍ ലൈബ്രറികളിലെ പുസ്തകശേഖരം വിപുലീകരിക്കുന്നതിനായി 45 ലക്ഷം ദിര്‍ഹം അനുവദിക്കാന്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശം നല്കി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 45ാമത് പതിപ്പില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍നിന്ന് ഏറ്റവും പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനാണ് തുക വിനിയോഗിക്കുക. നവംബര്‍ 4 മുതല്‍ 15 വരെ എക്സ്പോ സെന്റര്‍ ഷാര്‍ജയില്‍ നടക്കുന്ന പുസ്തകമേളയില്‍ 126 രാജ്യങ്ങളില്‍നിന്നായി 3,212 പ്രസാധകരും പ്രദര്‍ശകരുമാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിജ്ഞാന മേഖലകളിലായി 17 ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പ്രസാധന മേഖലയ്ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുന്നതിനൊപ്പം ലൈബ്രറികളിലെ പുസ്തകശേഖരം കാലാനുസൃതമായി പുതുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വായനക്കാര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ അറിവുകള്‍ പ്രാപ്യമാക്കുന്നതിലൂടെ സമൂഹത്തില്‍ ലൈബ്രറികളുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഷാര്‍ജയുടെ സാംസ്കാരിക വികസനത്തില്‍ പുസ്തകങ്ങള്‍ക്കും ലൈബ്രറികള്‍ക്കും കേന്ദ്രസ്ഥാനമാണ് നല്‍കുന്നതെന്ന ഭരണാധികാരിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ നടപടി. എഴുത്ത്, വിവര്‍ത്തനം, പ്രസാധനം തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ തലമുറകളുടെ താല്പര്യങ്ങള്ക്കനുസരിച്ചുള്ള വിജ്ഞാനം ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി പദ്ധതിയെ സ്വാഗതം ചെയ്തു. പ്രസാധന മേഖലയുടെ വളര്‍ച്ചയും വിജ്ഞാനത്തിന്റെ വ്യാപനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന സമഗ്രമായ സാംസ്കാരിക കാഴ്ചപ്പാടാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ‘കഥകളാല്‍ നിര്‍മിതം’ എന്ന പ്രമേയത്തില്‍ നടക്കുന്ന 45ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 1,500ലധികം സാംസ്കാരിക, സര്‍ഗാത്മക, കലാപരിപാടികളാണ് അരങ്ങേറുന്നത്. 25 രാജ്യങ്ങളില്‍നിന്നായി 106 എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഇത്തവണ ഒമാനാണ് മേളയിലെ അതിഥിരാജ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രസാധകരെയും എഴുത്തുകാരെയും വായനക്കാരെയും ഒരുമിപ്പിക്കുന്ന സാംസ്കാരിക വേദി എന്ന നിലയില്‍ മേളയുടെ പ്രാധാന്യം ഇതോടെ കൂടുതല്‍ വര്‍ധിക്കുകയാണ്.