പ്രവാസികള്‍ക്ക് സ്വര്‍ണ്ണ നിക്ഷേപത്തിന് പുതിയ സാധ്യതകളൊരുക്കി ഓ ഗോള്‍ഡും അസ്പോറയും

റിയാദ്: ഒക്ടോബര്‍ 10-ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും മരണപ്പെട്ടു. ബുധനാഴ്ച സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയാണ് ചികിത്സയിലായിരുന്ന പൗരന്റെ മരണം സ്ഥിരീകരിച്ചത്. ഇതോടെ ഈ ആക്രമണത്തിലെ ആകെ മരണസംഖ്യ 14 ആയി. നേരത്തെ, ആക്രമണത്തില്‍ 11 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി എംബസി അറിയിച്ചിരുന്നു. ഇതില്‍ ആദ്യമായി മരണപ്പെട്ട ഇന്ത്യന്‍ പൗരന് ഹൈദരാബാദ് സ്വദേശിയായിരുന്നു.
ഒക്ടോബര്‍ 10, 11 തീയതികളില്‍ റിയാദ് വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം യെമനിലെ ഹൂതി പ്രക്ഷോഭകര്‍ ഏറ്റെടുത്തിരുന്നു. ഒക്ടോബര്‍ 10-ലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 14 പേരില്‍ 4 പേര് സൗദി പൗരന്മാരും 10 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. 2 ഇന്ത്യക്കാര്‍, 2 ബംഗ്ലാദേശികള്‍, അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ഫലസ്തീന്, സുഡാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആള് വീതവുമാണ് മരിച്ചത്.
മരിച്ചയാളുടെ വിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. ചികിത്സയിലായിരുന്ന സമയത്തെന്ന പോലെ ഇപ്പോഴും എംബസി ഉദ്യോഗസ്ഥര്‍ കുടുംബത്തോടൊപ്പം ഉണ്ടെന്നും പൗരന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു. ബന്ധുക്കളുടെ താല്പര്യപ്രകാരം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനോ റിയാദില്‍ സംസ്കരിക്കുന്നതിനോ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും എംബസി വ്യക്തമാക്കി.