പ്രവാസികള്‍ക്ക് സ്വര്‍ണ്ണ നിക്ഷേപത്തിന് പുതിയ സാധ്യതകളൊരുക്കി ഓ ഗോള്‍ഡും അസ്പോറയും

ടെഹ്റാന്: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് ഇളവ് നല്കി ഇറാന്. ചൈന, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്നതിന് ഇളവ് അനുവദിച്ചു. ഇറാനിയന്‍ പാര്‍ലമെന്റിലെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന് പോളിസി കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാനായ അമീര്‍ ഹയാത്ത് മുഖദ്ദാം ആണ് ഇക്കാര്യം അറിയിച്ചത്.
‘ഇന്ത്യ, ചൈന, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങളെ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാം,’ മുഖദ്ദാം പറഞ്ഞു. ഇറാന്റെ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ ഇറക്കുമതി സുഗമമാക്കാനാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രവേശനം നല്‍കുന്നത്. ചൈനയ്ക്ക് ഇളവ് നല്‍കുന്നത് ബീജിങില്‍ നിന്നുള്ള രാഷ്ട്രീയ പിന്തുണ ലക്ഷ്യമിട്ടാണ്. ഇന്ത്യ, ചൈന കപ്പലുകളില്‍ നിന്ന് ടാക്സ് (ട്രാന്‍സിറ്റ് ഫീ) ഈടാക്കുമെന്നും എന്നാല്‍ ഖത്തറിന് സൗജന്യ പാതയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയില്‍ നിര്‍ണായക പങ്കുവഹിക്കുന്നതാണ് ഹോര്‍മുസ് കടലിടുക്ക്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. പടിഞ്ഞാറന്‍ ഏഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിലും കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും ഇതുവരെ 15 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.