
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ : യുഎഇ നിയമ വിരുദ്ധ താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. സെപ്റ്റംബര്‍ 1മുതല്‍ രണ്ട് മാസത്തേക്കാണ് താമസ, സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തങ്ങിയ വിദേശികള്‍ക്കായി പൊതുമാപ്പ് അനുവദിക്കുക.
ഒന്നാം തിയ്യതി ഞായറാഴ്ച മുതല്‍ പൊതുമാപ്പിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനാവും. പിറ്റേന്ന് തിങ്കളാഴ്ചയോടെ അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങളിലേക്ക് കടക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്ററ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി മന്ത്രാലയമാണ് പൊതുമാപ്പ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഏതാണ്ട് രണ്ടര ലക്ഷത്തോളം വിദേശികള്‍ രാജ്യത്ത് അനധികൃതമായി കഴിയുന്നു എന്നാണ് അധികൃതരുടെ കണക്ക്. ഇത്തരത്തില്‍ തങ്ങുന്നവര്‍ പലവിധ അസാന്മാര്ഗിക, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ആസൂത്രകരായി മാറുന്നതായി വ്യക്തമായിരുന്നു. പണം തട്ടിപ്പറി, മദ്യം ഉള്‍പ്പെട ലഹരി ഉത്പന്നങ്ങളുടെ കാരിയര്‍മാര്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിടിയിലായവരില്‍ അധികവും രേഖകളില്ലാതെ രാജ്യത്ത് കഴിഞ്ഞ് കൂടുന്നവരാണ്. ചിലര്‍ വാടക ഗുണ്ടകളായും വിലസുന്നു. കാലാവധിയുള്ള വിസയില്ലാത്തതിനാല്‍, പിഴയടച്ച് രേഖകള്‍ ശരിപ്പെടുത്താനുള്ള മാര്‍ഗമില്ലാത്തവര്‍ക്ക് ജോലി നല്കാന് കച്ചവടക്കാരും മറ്റും മുതിരില്ല. ഇതോടെ ഇവര്‍ പണ സമ്പാദനത്തിന് നിയമ വിരുദ്ധ മാര്‍ഗങ്ങളിലേക്ക് തിരിയുന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വിസ തട്ടിപ്പുകാരുടെയും മറ്റും കെണിയില്‍ കുടുങ്ങി നിയമ വിരുദ്ധ താമസക്കാരാവേണ്ടി വന്നവരും ആയിരക്കണക്കിനുണ്ട്. പലവിധ കാരണങ്ങളാല്‍ റെസിഡെന്‍ഷ്യല്‍ വിസയും വിസിറ്റ് വിസയും യഥാസമയം പുതുക്കാന്‍ കഴിയാതെ പോയവര്‍ക്ക് ഏറെ ഉപകാരപ്രദമാവും പൊതുമാപ്പ്. കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാല്‍ ഓരോ ദിവസത്തിനും 50 ദിര്‍ഹം വെച്ച് പിഴയടക്കണമെന്നാണ് ചട്ടം. ഇങ്ങനെ ആയിരം മുതല്‍ ലക്ഷം ദിര്‍ഹം വരെ പിഴയിലേക്കേത്തിയവരുണ്ട് രാജ്യത്ത്. ഈ ഇനത്തില്‍ ഒരു ദിര്‍ഹം പോലും പിഴ നല്‍കാതെ സ്വദേശത്തേക്ക് പറക്കാനുള്ള അവസരമാണ് പൊതുമാപ്പ് നല്‍കുന്നത്. കൂടാതെ, ജോലി തരപ്പെടുകയാണെങ്കില്‍ റെസിഡെന്‍ഷ്യല്‍ വിസയിലേക്ക് മാറാനുള്ള അവസരവും പൊതുമാപ്പ് കാലയളവില്‍ ലഭിക്കും. പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസയില്‍ യുഎഇയിലെത്താനാവും എന്നതും ഇപ്രാവശ്യത്തെ പൊതുമാപ്പിന്റെ സവിശേഷതയാണ്. മറ്റു സാമ്പത്തിക, സിവില്‍, ക്രിമിനല്‍ കേസുകളില്‍ നിയമ നടപടി നേരിടുന്നവര്‍ പൊതുമാപ്പിന് അപേക്ഷിക്കണമെങ്കില്‍ അതാത് കേസുകള്‍ തീര്‍പ്പാക്കിയ രേഖകള്‍ ഹാജരാക്കിയിരിക്കണം. പൊതുമാപ്പ് ഉപയോഗപ്പെടുത്താനെത്തുന്നവര്ക്കായി ഹെല്‍പ്പ് ഡെസ്ക്കുകള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് വിവിധ ഇന്ത്യന്‍ സംഘടനകള്‍. ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ, ദുബൈ കെഎംസിസി, അബുദാബി കെഎംസിസി തുടങ്ങിയ സംഘടനകള്‍ ഹെല്‍പ്പ് ഡെസ്ക്കിനുളള തയ്യാറെടുപ്പിലാണ്.
സമര്‍പ്പിക്കേണ്ട രേഖകള്‍
ഷാര്‍ജ : ഏത് രാജ്യത്തെ പൗരനാണ് എന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ പൊതുമാപ്പ് അപേക്ഷക്കൊപ്പം സമര്‍പ്പിച്ചിരിക്കണം. പാസ്പോര്‍ട്ട്, അല്ലെങ്കില്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇതിനാണ് മുന്‍ഗണന. പാസ്പോര്‍ട്ടോ പകര്‍പ്പോ ഇല്ലെങ്കില്‍ എംബസി/ കോണ്‍സുലേറ്റുകള്‍ അനുവദിച്ച് നല്കുന്ന പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍. കൂടാതെ അവരവരുടെ സ്വദേശത്തേക്കുള്ള വിമാന യാത്ര ടിക്കറ്റ് പകര്‍പ്പും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പൊതുമാപ്പ് അപേക്ഷയുടെ കൂടെ ഹാജരാക്കണം.
അപേക്ഷ സമര്‍പ്പണം ലളിതം
ഷാര്‍ജ : ഇത്തവണ എമിഗ്രേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ ടെന്റുണ്ടാവില്ല, അപേക്ഷകരുടെ നീണ്ട നിരയുണ്ടാവില്ല. പൊതുമാപ്പ് കാലയളവില്‍ അപേക്ഷകര്‍ താമസ കുടിയേറ്റ മന്ത്രാലയത്തില്‍ എത്തേണ്ടതില്ല. മുന്‍ കാലങ്ങളില്‍ പൊതുമാപ്പ് അപേക്ഷ നല്കാന് അപേക്ഷകന് നേരിട്ട് താമസ കുടിയേറ്റ മന്ത്രാലയ ആസ്ഥാനത്ത് എത്തണമായിരുന്നു. ഇത് മന്ത്രാലയ പരിസരത്ത് അതിരാവിലെ മുതല്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെടാന്‍ കാരണമായി. കൂറ്റന്‍ ടെന്റ് ഉയര്‍ത്തിയും മറ്റുമാണ് അപേക്ഷകര്‍ക്ക് സൗകര്യമൊരുക്കിയിരുന്നത്. എന്നാല്‍ ഇത്തവണ പൊതുമാപ്പ് അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത് എന്ന് അധികൃതര്‍ വ്യക്തമാക്കി. തസ്ഹീല്‍, ആമര്‍ പോലുള്ള സര്‍ക്കാര്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍, അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി നല്‍കാനാവും.
ഔട്ട് പാസിന് കലാവധി 10 ദിവസം
ഷാര്‍ജ : നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഔട്ട് പാസ് ലഭിച്ചാല്‍ 10 ദിവസത്തിനകം അപേക്ഷകന് രാജ്യം വിട്ടിരിക്കണം. പത്ത് ദിവസം മാത്രമാണ് ഔട്ട് പാസിന് കാലാവധിയുണ്ടാവുക. പത്ത് ദിവസത്തിന് ശേഷം പ്രസ്തുത ഔട്ട് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ല. 300-400 ദിര്ഹമിനിടയില് ഓരോ അപേക്ഷകനും ഫീസായി അടക്കേണ്ടി വരുമെന്നാണ് അറിയുന്നത്.