യുദ്ധ വിരാമത്തിനുള്ള കരാര്‍ അമേരിക്കയുടെ പരാജയ പ്രഖ്യാപനമെന്ന് ഇറാന്; സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ടെഹ്റാന്: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ കരാര്‍ ഒട്ടുംതന്നെ സമ്മര്‍ദ്ദങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങി ഉണ്ടായതല്ലെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ അന്തിമ കരാറിലെത്താന്‍ 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ആണവ മേല്‍നോട്ടം ഉള്‍പ്പെടെയുള്ള പ്രധാന കാര്യങ്ങളില്‍ യു.എസും ഇറാനും ഇപ്പോഴും പരസ്പരം വിരുദ്ധമായ പ്രസ്താവനകളാണ് പുറപ്പെടുവിക്കുന്നത്. അന്തിമ കരാര്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് യാതൊരുവിധ ടോളും ഈടാക്കാന്‍ ഇറാന് അനുവാദമുണ്ടാകില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഇറാന് ഉയര്‍ന്ന തലത്തിലുള്ള ആണവ നിരീക്ഷണങ്ങള്‍ക്ക് സമ്മതിച്ചിട്ടുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വകാശവാദം ഇറാന് തള്ളി. തങ്ങളുടെ രാജ്യത്തേക്ക് അന്താരാഷ്ട്ര ആണവ ഇന്‍സ്പെക്ടര്‍മാരെ വീണ്ടും പ്രവേശിപ്പിക്കുമെന്ന യു.എസിന്റെ വാദങ്ങള്‍ ഇറാന് പൂര്‍ണ്ണമായും നിഷേധിച്ചു.
താല്കാലിക കരാര്‍ ശുഭസൂചനയെന്ന് ചൈന
യു.എസ്-ഇറാന് താല്‍ക്കാലിക കരാര്‍ ഒരു ‘പോസിറ്റീവ് സിഗ്നല്‍’ നല്‍കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക അഖണ്ഡത, ദേശീയ അന്തസ്സ് എന്നിവ സംരക്ഷിക്കുന്നതിനെ ബെയ്ജിംഗ് പിന്തുണയ്ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുമായും മറ്റ് പ്രാദേശിക രാജ്യങ്ങളുമായും ഉള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇറാന് ചൈനയുടെ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി. അതേസമയം കരാര്‍ പൂര്‍ണമായും പ്രാബല്യത്തിലാവുമോ എന്ന ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. യുദ്ധകാലത്ത് ഇറാന്റെ ഭൂരിഭാഗം പ്രത്യാക്രമണങ്ങളും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയായിരുന്നു. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കടുത്ത സുരക്ഷാ ആശങ്കകളുണ്ട്. ഭാവിയില്‍ ഉണ്ടാകുന്ന ഏത് ഇറാന് കരാറും തങ്ങളുടെ സുരക്ഷയും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതായിരിക്കണമെന്ന് അവര്‍ അമേരിക്കയില്‍ നിന്ന് ഉറപ്പുചോദിക്കുന്നു.
യുദ്ധത്തിനിടയില്‍ ഏകദേശം 2,800ഓളം മിസൈലുകളും ഡ്രോണുകളുമാണ് യു.എ.ഇക്ക് നേരെ ഇറാന് തൊടുത്തുവിട്ടത്. യുദ്ധത്തില്‍ കുവൈത്തിന്റെ എയര്‍പോര്‍ട്ട്, വാണിജ്യ തുറമുഖങ്ങള്‍, കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകള്‍ എന്നിവയ്ക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കുവൈത്തിന്റെ കുടിവെള്ളത്തിന്റെ 90 ശതമാനവും ഈ പ്ലാന്റുകളില്‍ നിന്നാണ് ലഭിക്കുന്നത്. ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണയും വാതകവും ആഗോള വിപണിയിലേക്ക് എത്തിക്കുന്ന പ്രധാന പാതയാണ് ഹോര്‍മുസ്. ഇതിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രവാസിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; യൂസഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും