ഖത്തര്‍ ഗ്യാസ് ഫാക്ടറിയിലുണ്ടായ അപകടത്തില്‍ മരിച്ച മലയാളി കോഴിക്കോട് തൂണേരി സ്വദേശി

ദോഹ: ഖത്തറിലെ റാസ് ലഫാനിലുള്ള ബര്‍സാന്‍ ഗ്യാസ് ഫാക്ടറിയിലുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ തൂണേരി സ്വദേശിയും. തൂണേരി വെള്ളൂരിലെ കളരിയുള്ളതില്‍ അര്ജുന് (30) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് ഇന്നലെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അപകടത്തില്‍ 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആകെ 13 പേര് മരിച്ചതായി ഖത്തര്‍ എനര്‍ജി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. ഫാക്ടറിയിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ ഈ അപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 66 തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി മാസങ്ങളോളം അടച്ചിട്ടിരുന്ന പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ദുരന്തം.


