എംഎസ്എസിന് ദുബൈ സര്‍ക്കാരിന്റെ ഇത്റ എക്സലന്‍സ് അവാര്‍ഡ്; 146 സംഘടനകളില്‍ മികച്ചത്

ദുബൈ സി ഡി എ ഡയറക്ടര്‍ ഹെസ്സ ബിന്ത് ഈസ ബുഹുമൈദില് നിന്ന് എംഎസ്എസ് ഭാരവാഹികള്‍ ഇത്റാ പുരസ്കാരം ഏറ്റുവാങ്ങുന്നു
ദുബൈ: മൂന്ന് പതിറ്റാണ്ടായി സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) ‘ഇത്റാ എക്സലന്‍സ് അവാര്‍ഡ്’ നേടി. സിഡിഎയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 146 സാമൂഹിക സംഘടനകളില്‍ നിന്നാണ് എംഎസ്എസിനെ മികച്ച സംഘടനയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ഗോള്‍ഡ് അവാര്‍ഡ് നേടിയ എംഎസ്എസ് ഇത്തവണ പ്രത്യേക എക്സലന്‍സ് വിഭാഗത്തിന്റെ അന്തിമ പട്ടികയിലെത്തിയ മൂന്ന് സംഘടനകളില്‍ ഒന്നാം സ്ഥാനം നേടി. മൂന്ന് ലക്ഷം ദിര്‍ഹമാണ് പാരിതോഷികം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനശേഷിയും അവ നല്കുന്ന സാമൂഹിക സേവനങ്ങളുടെ ഗുണനിലവാരവും ഉയര്‍ത്തുകയാണ് സിഡിഎയുടെ ‘ഇത്റാ’ പദ്ധതിയുടെ ലക്ഷ്യം. സേവനങ്ങള്‍ അര്‍ഹരായവരിലേക്ക് എത്രത്തോളം ഫലപ്രദമായി എത്തുന്നു, പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം സുസ്ഥിരമാണ്, അവ സമൂഹത്തില്‍ എന്തു മാറ്റം സൃഷ്ടിക്കുന്നു എന്നിവ വിലയിരുത്തിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സംഘടനകളുടെ ഭരണനിര്‍വഹണം, ഓഡിറ്റ് രേഖകള്‍, സാമ്പത്തിക കണക്കുകള്‍ എന്നിവയും വിദഗ്ധ സമിതി പരിശോധിച്ചു.
ദുബൈ എമിറേറ്റ്സ് ടവേഴ്സില്‍ നടന്ന ചടങ്ങില്‍ സിഡിഎ ഡയറക്ടര്‍ ജനറല്‍ ഹെസ്സ ബിന്ത് ഈസ ബുഹുമൈദില് നിന്ന് എംഎസ്എസ് ചെയര്മാന് ഫയ്യാസ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ഷജില്‍ ഷൗക്കത്ത്, വൈസ് ചെയര്മാന് നസീര്‍ അബൂബക്കര്‍, ട്രഷറര്‍ അബ്ദുല്‍ മുത്തലിബ്, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ ടി.വി. എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയ സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും അസോസിയേഷനുകളെയും ചടങ്ങില്‍ ആദരിച്ചു.
കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും സമൂഹത്തിനായി സമയം നീക്കിവെക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നതായും ചെയര്മാന് ഫയ്യാസ് അഹമ്മദ് പറഞ്ഞു. സാമൂഹിക സേവന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദുബായ് ഗവണ്മെന്റിനും സിഡിഎയ്ക്കും എംഎസ്എസ് നന്ദി അറിയിച്ചു. ഇത്തരം അംഗീകാരങ്ങള്‍ സേവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും സഹായം അര്‍ഹരായവരിലേക്ക് കൂടുതല്‍ ഫലപ്രദമായി എത്തിക്കാനും സഹായിക്കുമെന്ന് വൈസ് ചെയര്മാന് നസീര്‍ അബൂബക്കര്‍ പറഞ്ഞു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ സേവനങ്ങള്‍ വിപുലീകരിക്കാന്‍ പുരസ്കാരം പ്രചോദനമാകുമെന്നും അര്‍ഹരായവര്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജനറല്‍ സെക്രട്ടറി ഷജില്‍ ഷൗക്കത്ത് വ്യക്തമാക്കി.
യുഎഇയിലെ വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സേവനം നല്കുന്ന എംഎസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഏകോപിപ്പിക്കുന്നത്. ശമ്പളമുള്ള ജീവനക്കാരില്ലാതെ 1,140 സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. എംഎസ്എസിന്റെ കണക്കുപ്രകാരം, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സന്നദ്ധ പ്രവര്‍ത്തകര്‍ 8,181 മണിക്കൂര്‍ സാമൂഹിക സേവനത്തിനായി നീക്കിവെച്ചു. സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊതുജനങ്ങളെയും സന്നദ്ധ പ്രവര്‍ത്തകരെയും സംഘടന ക്ഷണിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എംഎസ്എസ് 65 ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും രക്തദാനത്തിലൂടെ 4,700 യൂണിറ്റ് രക്തം സമാഹരിക്കുകയും ചെയ്തു. ആരോഗ്യരംഗത്തെ സേവനത്തിന് 174 നഴ്സുമാരെ ആദരിച്ചു. ക്ഷേമ, വിനോദ പരിപാടികളില്‍ 867 തൊഴിലാളികള്‍ പങ്കെടുത്തു. വനിതാ ശാക്തീകരണ പരിപാടികളിലൂടെ 628 പേര്‍ക്ക് പിന്തുണ നല്കി. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ 64 സ്കൂളുകളില്‍നിന്നായി 3,000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇതേ കാലയളവില്‍ റമദാനില്‍ തൊഴിലാളികള്‍ക്കും വിവിധ സമൂഹങ്ങളിലെ സഹായം അര്‍ഹിക്കുന്നവര്‍ക്കുമായി 12 ലക്ഷം ഇഫ്താര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.