
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
അബുദാബി : തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ അധികൃതര്‍ വ്യാപകമായ പരിശോധനകള്‍ നടത്തി. തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ അപര്യാപ്തമായ വെന്റിലേഷനുകളും എയര്‍ കണ്ടീഷനുകള്‍ പ്രവര്‍ത്തിക്കാത്തത് ഉള്‍പ്പെടെ 352 നിയമലംഘനങ്ങള്‍ കണ്ടെത്തി. യുഎഇയിലെങ്ങുമുള്ള ലേബര്‍ ക്യാംപുകളില്‍ ഏകദേശം 15 ലക്ഷം തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,800ലേറെ കമ്പനികള്‍ ഇലക്ട്രോണിക് ലേബര്‍ അക്കമഡേഷന്‍ സിസ്റ്റത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തീ പിടിക്കുന്ന വസ്തുക്കള്‍ സുരക്ഷിതമായി വയ്ക്കുക, ശുചിത്വ ആവശ്യകതകള്‍ പാലിക്കുക എന്നിവ കൂടാതെ, പാര്‍പ്പിട സൗകര്യത്തിലെ പൊതുവായ ശുചിത്വ പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മേയ് 20 മുതല്‍ ജൂണ്‍ 7 വരെ നടത്തിയ പരിശോധനയെ തുടര്‍ന്ന് നിയമം പാലിക്കാത്ത ചില കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും മറ്റുള്ളവക്ക് പിഴ ചുമത്തുകയും ചെയ്തു. ചിലര്‍ക്ക് അവരുടെ താമസസൗകര്യം ശരിയാക്കാന്‍ ഒരു മാസം വരെ അനുവദിച്ചതായും മന്ത്രാലയത്തിലെ ഇന്സ്പെക്ഷന് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മൊഹ്സിന്‍ അലി അല്‍ നാസി പറഞ്ഞു. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന തൊഴില്‍ സൗകര്യങ്ങള്‍ നല്കാന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. കമ്പനികള്‍ അവരുടെ തൊഴിലാളികള്‍ക്ക് മതിയായതും സൗകര്യപ്രദവുമായ പാര്‍പ്പിടം നല്‍കുന്നതിനുള്ള ഉത്തരവാദിത്തം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം ഇന്‍സ്പെക്ടര്‍മാര്‍ യുഎഇയിലുടനീളമുള്ള ലേബര്‍ താമസ കേന്ദ്രങ്ങളില്‍ പതിവായി ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തുന്നു. കിടപ്പുമുറി, ശൗചാലയം, വെന്റിലേഷന്, എയര്‍ കണ്ടീഷനിങ് തുടങ്ങിയവ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.