
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താനും വിസ നിയമനടപടികള്‍ ലഘൂകരിച്ച് അവരുടെ താമസം നിയമവിധേയമാക്കുന്നതിനായി വ്യത്യസ്ത സമയങ്ങളില്‍ നല്‍കാറുള്ള ഒരു പ്രത്യേക അവസരമാണ് പൊതുമാപ്പ്. എല്ലാതരത്തിലുമുള്ള വിസ ലംഘകര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഇവര്‍ക്ക് പിഴ ഇല്ലാതെ കേസുകള്‍ പരിഹരിച്ചു സ്വന്തം രാജ്യത്തേക്ക് മടങ്ങാനും ഒരു നിയമ തടസ്സവും ഇല്ലാതെ രാജ്യത്തേക്ക് തിരിച്ചുവരാനും സാധിക്കുന്നതാണ്. നിലവില്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ ഒക്ടോബര്‍ അവസാനം വരെ രണ്ടുമാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുമാപ്പ് ആര്‍ക്കൊക്കെ?
വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന താമസ വിസക്കാര്‍ക്കും തൊഴിലുടമ അപ്സ്കോണ്ടിംഗ് ചെയ്ത് ദീര്‍ഘകാലമായി വിസ ഇല്ലാതെ തുടരുന്നവര്‍ക്കും പൊതു മാപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ ഫാമിലി വിസയില്‍ കാലാവധി കഴിഞ്ഞു നില്ക്കുന്ന കുടുംബങ്ങള്‍ക്കും നിശ്ചിത സമയത്തിനകത്ത് താമസ വിസ കരസ്ഥമാക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കും എല്ലാതരത്തിലുള്ള വിസ ലംഘകര്‍ക്കും പൊതു മാപ്പിലൂടെ വിസ നടപടികള്‍ ശരിയാക്കാവുന്നതാണ്.
പൊതുമാപ്പ് ലഭിക്കാത്തവര്‍?
വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന എല്ലാവര്ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെങ്കിലും ഏതെങ്കിലും തരത്തിലുള്ള സിവില്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട യാത്രാ നിരോധനമോ അറസ്റ്റുവാറന്റോ നിലനില്‍ക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനം ലഭിക്കുന്നതല്ല. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാറിലോ ഇതര സ്ഥാപനങ്ങളിലോ നല്‍കാനുള്ളവര്‍ക്കും സെപ്റ്റംബര്‍ ഒന്നിന് ശേഷമുള്ള താമസ വിസ ലംഘകര്‍ക്കും അബ്സ്കോണ്ടിംഗ് ആകുന്നവര്‍ക്കും ഈ പ്രയോജനം ലഭ്യമാകില്ല. കൂടാതെ ട്രേഡ് ലൈസന്‍സും വിസയും കാലാവധി കഴിഞ്ഞ കമ്പനി ഉടമസ്ഥര്‍ക്കും മാനേജര്‍മാര്‍ക്കും പൊതു മാപ്പിന് അപേക്ഷിക്കാന്‍ സാധിക്കുന്നതല്ല.
തിരിച്ചുവരാന്‍ നിയമ തടസ്സമുണ്ടോ?
പൊതുമാപ്പ് ഉപയോഗിച്ച് നാട്ടില്‍ പോകുന്നവര്‍ക്ക് ഒരു നിയമ തടസ്സവും ഇല്ലാതെ രാജ്യത്തേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എക്സിറ്റ് പെര്‍മിറ്റിന് 14 ദിവസത്തെ കാലാവധി പ്രഖ്യാപിച്ചിട്ടുണ്ട് അതിനാല്‍ ഈ കാലയളവില്‍ എക്സിറ്റ് ആവുകയോ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യണം. സ്റ്റാറ്റസ് മാറ്റി മറ്റൊരു വിസയിലേക്ക് മാറാന്‍ കഴിയുന്നതുമാണ്. ഈ കാര്യങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ അവസരം നഷ്ടപ്പെടുന്നതാണ്. പാസ്പോര്‍ട്ട് കൈവശമില്ലാത്തവരോ നഷ്ടപ്പെട്ടവരോ ആണെങ്കില്‍ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മാത്രമല്ല പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പോലീസുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ച് കോണ്‍സുലേറ്റില്‍ നിന്നും പുതിയ പാസ്പോര്‍ട്ട് ഉപയോഗിച്ച് പൊതു മാപ്പിന് അപേക്ഷിക്കാം. എമിഗ്രേഷനുമായോ തൊഴില്‍ വകുപ്പുമായോ ബന്ധപ്പെട്ട യാതൊരു പിഴയും നല്‍കേണ്ടതില്ല.
എങ്ങനെ അപേക്ഷിക്കാം?
പൊതു മാപ്പിന് അപേക്ഷിക്കാന്‍ ഓരോ എമിറേറ്റിനും വ്യത്യസ്ത കേന്ദ്രങ്ങള്‍ ഉണ്ട്. ദുബൈയില്‍ എല്ലാ ആമര്‍ സെന്ററുകളിലും, അല്അവീറിലുള്ള ജിഡിആര്‍എഫ്എ കേന്ദ്രത്തിലും പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. അബുദാബിയില്‍ അല്‍ ദഫ്റ, സുവൈഹാന്,അല്‍ മഖ എന്നിവിടങ്ങളിലാണ് ഐസിപി കേന്ദ്രങ്ങള്‍ ഉള്ളത്. അബുദാബിയില്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഎല്‍എസ് കേന്ദ്രങ്ങളിലും അപേക്ഷ നല്‍കാം. ബിഎല്‍എസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ല. ആവശ്യക്കാര്‍ക്ക് നേരില്‍ ചെന്ന് കാര്യങ്ങള്‍ വിശദീകരിച്ച് അപേക്ഷ നല്‍കാം.
എപ്പോഴൊക്കെ അപേക്ഷിക്കാം
സേവന കേന്ദ്രങ്ങള്‍ ഇന്ന് രാവിലെ 7 മുതല്‍ രാത്രി 8 വരെ തുറന്നിരിക്കും. എമിറേറ്റ്സ് ഐഡി ഇല്ലാത്തവരുടെ, സന്ദര്‍ശന വിസക്കാരുടെ ബയോമെട്രിക് രേഖകള്‍ രേഖപ്പെടുത്താന്‍ സേവന കേന്ദ്രങ്ങളില്‍ നേരില്‍ പോകേണ്ടിവരും. ഐഡിയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം. അപേക്ഷകള്‍ 24 മണിക്കൂറും ഓണ്‍ലൈനില്‍ ലഭ്യമാണ്. കിംവദന്തികളുടെ പിന്നാലെ പോകാതെ അനധികൃത ഏജന്റുമാരുടെ വഞ്ചനയില്‍ കുടുങ്ങാതെ അംഗീകൃത കേന്ദ്രങ്ങളില്‍ കൂടി മാത്രം പൊതുമാപ്പിന് അപേക്ഷിക്കുക. അംഗീകൃത ടൈപ്പിംഗ് സെന്ററുകളിലും അപേക്ഷ സമര്‍പിക്കാം.