അബുദാബി ചേംബര്‍ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

അബുദാബി: അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ADCCI) ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയെ വീണ്ടും നിയമിച്ച് അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഉത്തരവിട്ടു. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അബുദാബിയുടെ സാമ്പത്തിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് അബുദാബി ചേംബര്‍ പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡില്‍ യൂസഫലിയുടെ സാന്നിധ്യം ആഗോള തലത്തില്‍ യുഎഇയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും. പുതുതായി ചുമതലയേറ്റെടുത്ത എം.എ. യൂസഫലിയെ അബുദാബി ചേംബര്‍ ഔദ്യോഗികമായി അഭിനന്ദിച്ചു. എമിറേറ്റിന്റെ സാമ്പത്തിക അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും സ്വകാര്യ മേഖലയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വലിയ രീതിയില്‍ സഹായിക്കുമെന്ന് ചേംബര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് അഞ്ചാമത്തെ പ്രാവശ്യമാണ് യൂസഫലി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നത്. നിക്ഷേപ സൗഹൃദം മുന്‍നിര്‍ത്തി അബുദാബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടുക. സ്വകാര്യ മേഖലയില്‍ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ ബിസിനസ്സ് സമൂഹത്തെ ഏകോപിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുക. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കി യുഎഇയുടെ എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നയരൂപീകരണത്തില്‍ പങ്കാളികളാവുക തുടങ്ങിയവയാണ് ചേംബറിന്റെ പ്രധാന ലക്ഷ്യങ്ങള്‍.