ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

പരീക്ഷണ ഘട്ടത്തില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ യാത്ര ചെയ്തപ്പോള്‍
ദുബൈ: പരീക്ഷണ ഘട്ടത്തിന് ശേഷം ദുബൈയില്‍ ഡ്രൈവര്‍ലെസ് ടാക്സികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങി. നിലവില്‍ ജുമൈറയിലും ഉമ്മുസുഖൈമിലും മാത്രമാണ് ഡ്രൈവറില്ലാ ടാക്സിയുടെ സേവനം ലഭിക്കുക, അതും വെറും 5 ദിര്‍ഹത്തിന്. പരീക്ഷണ കാലത്ത് ഇതിലെ യാത്ര സൗജന്യമായിരുന്നു, ഇപ്പോള്‍ 5 ദിര്‍ഹം എന്ന പ്രൊമോഷന് നിരക്ക് ഈടാക്കും. Apollo Go ഇപ്പോള്‍ പരിമിതമായ പ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സാധാരണ ടാക്സിപോലെ നമ്മള് ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് യാത്ര ആരംഭിക്കാന്‍ കഴിയില്ല.
എങ്ങനെ ബുക്ക് ചെയ്യാം
Apollo Go ആപ്പ് ഉപയോഗിച്ചാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്. പിക്കപ്പും ഡ്രോപ്പ്ഓഫും നിശ്ചിത ബസ് സ്റ്റോപ്പുകളില്‍ മാത്രമേ ലഭ്യമാകൂ. ആപ്പില്‍ തന്നെ അടുത്ത ബസ് സ്റ്റോപ്പിലേക്കുള്ള നടന്ന് പോകാനുള്ള മാര്‍ഗനിര്‍ദേശം ലഭിക്കും. ഒരു വാഹനം ബുക്ക് ചെയ്താല്‍ അത് ഏകദേശം ഒരു മിനിറ്റ് മാത്രമേ കാത്തിരിക്കൂ. അതിനുള്ളില്‍ യാത്രക്കാരന് എത്തിയില്ലെങ്കില്‍ ബുക്കിംഗ് സ്വമേധയാ റദ്ദാകും. അതിനാല്‍ നേരത്തെ എത്തുന്നതാണ് നല്ലത്.
യാത്ര എങ്ങനെ
ടാക്സിയുടെ പുറത്ത് നല്‍കിയിരിക്കുന്ന പാനലില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ നല്കുമ്പോള് വാതില്‍ തുറക്കും. നിലവില്‍ ഒരു വാഹനത്തില്‍ പരമാവധി മൂന്ന് യാത്രക്കാര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. അതില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ ഒന്നിലധികം ടാക്സികള്‍ ബുക്ക് ചെയ്യണം. പണം മുന്‍കൂട്ടി നല്‍കേണ്ടതില്ല. യാത്ര അവസാനിച്ച ശേഷം ആപ്പില്‍ നല്കിയ ബാങ്ക് കാര്‍ഡില്‍ നിന്ന് തുക ഈടാക്കും.
വാഹനത്തില്‍ കയറിയ ശേഷം സീറ്റ് ബെല്‍റ്റ് ധരിച്ച് ആപ്പില്‍ സ്ഥിരീകരിച്ചാലേ ടാക്സി യാത്ര ആരംഭിക്കൂ. ബെല്‍റ്റ് ധരിക്കാതെ വാഹനം ഒരിക്കലും മുന്നോട്ട് പോകില്ല. യാത്രയ്ക്കിടെ തന്നെ ആപ്പിലൂടെ ഡ്രോപ്പ്ഓഫ് സ്ഥലം മാറ്റാനും സാധിക്കും.
ടാക്സിയിലെ സൗകര്യങ്ങള്‍
Apollo Go നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വലത് പിന്‍സീറ്റില്‍ ഹീറ്റിംഗ് സംവിധാനം, ഇടത് പിന്‍സീറ്റില്‍ മസാജ് സൗകര്യം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, USB പോര്‍ട്ടുകള്‍, കപ്പ് ഹോള്‍ഡറുകള്‍, 3 കിലോ വരെ ഭാരം താങ്ങുന്ന ബാഗ് ഹുക്ക്, ചെറിയ ലഗേജ് ബൂട്ട്, അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള എമര്‍ജന്‍സി ഹാമര്‍, സുരക്ഷാ നിര്‍ദേശങ്ങള്‍, ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന 24 മണിക്കൂര്‍ ഉപഭോക്തൃസഹായം.
ഡ്രൈവറില്ലാത്ത സവാരി
ഡ്രൈവര്‍ ഇല്ലെങ്കിലും വാഹനത്തിന്റെ ഓട്ടം വളരെ സ്വാഭാവികമാണ്. ട്രാഫിക് ലൈറ്റുകള്‍ വളരെ നേരത്തേ തിരിച്ചറിഞ്ഞ് വേഗം ക്രമീകരിക്കും. പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ വളരെ സാവധാനേ നില്ക്കുകയുള്ളൂ. യുടേണുകളില് നിഷ്പ്രയാസം പോകും. ഒരു വാഹനം പെട്ടെന്ന് അടുത്തെത്തിയാല്‍ സ്വയം ഹോണ്‍ മുഴക്കി മുന്നറിയിപ്പ് നല്‍കും. ബ്രേക്കിംഗും ആക്സിലറേഷനും വളരെ പതുക്കെയായിരിക്കും. ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ വാഹനം അറിയിപ്പ് നല്‍കും. വാതില്‍ തുറക്കുന്നതിന് മുമ്പ് വാഹനത്തിന്റെ വലതുവശത്തുള്ള ലൈവ് ക്യാമറ ദൃശ്യം സ്ക്രീനില്‍ കാണിക്കും. അതിലൂടെ സൈക്കിള്‍, വാഹനം, അല്ലെങ്കില്‍ കാല്‍നടയാത്രക്കാര്‍ സമീപത്തുണ്ടോയെന്ന് പരിശോധിച്ച് സുരക്ഷിതമായി ഇറങ്ങാം. മൊത്തത്തില്‍ ഇതിലെ യാത്ര വളരെ സുഖകരവും മെച്ചപ്പെട്ട അനുഭവവുമാണെന്ന് യാത്ര ചെയ്തവര്‍ സാക്ഷ്യപ്പെടുത്തുന്നു. ദുബൈയില്‍ ഭാവിയിലെ പൊതുഗതാഗത സംവിധാനത്തിന്റെ മികച്ച സാങ്കേതികതയുടെയും നിലവാരത്തിന്റെയും അനുഭവമാണ് ഇതിലെ യാത്ര വ്യക്തമാക്കി തരിക. ദുബൈ ആര്‍ടിഎ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരം വാഹനങ്ങള്‍ 1,000ത്തിലധികമായി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. 2030-ഓടെ ദുബൈയിലെ എല്ലാ യാത്രകളിലും 25 ശതമാനം സ്വയം ഓടുന്ന വാഹനങ്ങളിലൂടെ നടത്തുക എന്നതാണ് RTAയുടെ ദീര്‍ഘകാല ലക്ഷ്യം.