ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ദുബൈ: കൊടുംചൂടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കുളിര് പകരാന്‍ ‘ഫരീജ് ഫ്രിഡ്ജ്’ പദ്ധതി. ദുബൈ നഗരത്തിന്റെ വികസനത്തിനായി അക്ഷീണം അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് കരുതലും സ്നേഹവും പകരുകയെന്ന ലക്ഷ്യത്തോടെയാണിത്. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്-ജിഡിആര്‍എഫ്എയും ഫര്‍ജാന്‍ ദുബൈയ്യും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മാനുഷിക സംരംഭത്തിലൂടെ വിവിധ തൊഴില്‍ കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ക്ക് സൗജന്യമായി തണുത്ത കുടിവെള്ളം, ജ്യൂസുകള്‍, ഐസ്ക്രീം എന്നിവ വിതരണം ചെയ്യും. വേനല്‍ക്കാലത്ത് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നിര്‍മാണ മേഖലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സേവന മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളെ നേരിട്ട് സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ ശീതളപാനീയങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം, അവരുടെ അധ്വാനത്തോടുള്ള സമൂഹത്തിന്റെ ആദരവും നന്ദിയും പ്രകടിപ്പിക്കുക എന്ന സന്ദേശവും ‘ഫരീജ് ഫ്രിഡ്ജ്’ മുന്നോട്ടുവയ്ക്കുന്നു. മുന്‍ വര്‍ഷങ്ങളിലും വിജയകരമായി നടപ്പാക്കിയ ഈ പദ്ധതി ഈ വര്‍ഷത്തെ പര്യടനം ഓഗസ്റ്റ് 3ന് ദുബൈ ഹാര്‍ബറില്‍ ആരംഭിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 4ന് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഓഗസ്റ്റ് 5ന് പാം ജുമൈറ ക്രസന്റ് റോഡ്, ഓഗസ്റ്റ് 6ന് ബിസിനസ് ബേ അല്‍ നഖീല്‍ റോഡ് എന്നിവിടങ്ങളില്‍ ‘ഫരീജ് ഫ്രിഡ്ജ്’ വാഹനം എത്തി തൊഴിലാളികള്‍ക്ക് തണുത്ത കുടിവെള്ളം, ജ്യൂസുകള്‍, ഐസ്ക്രീം എന്നിവ വിതരണം ചെയ്യും.
വേനല്‍ക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ സര്‍ക്കാര്‍ എല്ലാ വര്‍ഷവും ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നുണ്ട്. ഈ കാലയളവില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3.00 വരെ തുറസായ സ്ഥലങ്ങളിലും നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന ജോലിസ്ഥലങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അതിതീവ്ര ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഹീറ്റ് സ്ട്രോക്ക്, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ഫരീജ് ഫ്രിഡ്ജ് ഒരു ശീതളപാനീയ വിതരണ പദ്ധതി മാത്രമല്ല; ദുബൈയുടെ പുരോഗതിക്കായി അക്ഷീണം അധ്വാനിക്കുന്ന തൊഴിലാളികളോടുള്ള നമ്മുടെ ആദരവും നന്ദിയും പ്രകടിപ്പിക്കുന്ന മാനുഷിക സന്ദേശം കൂടിയാണെന്ന് ജിഡിആര്‍എഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.