പാസ്പോര്‍ട്ട് സര്‍വീസിനുള്ള അമിത ഫീസ് പിന്‍വലിക്കണം: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി

ദുബൈ: പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഏജന്‍സിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ കടുത്ത പ്രതിസന്ധിയില്‍. യുഎഇയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള കരാര്‍ ലഭിച്ച അല്‍ഹിന്ദ് ഗ്രൂപ്പ് അവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാവാതെ കാത്തിരിപ്പ് തുടരുകയാണ്. കരാര്‍ ലഭിച്ചയുടന്‍ ആവശ്യമായ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും കമ്പനി നടത്തിയിരുന്നു. ഇതിനായി പ്രത്യേകമായി ജീവനക്കാരെ നിയമിക്കുകയും യുഎഇയില്‍ 16 പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഔട്ട്സോഴ്സിങ് കരാര്‍ ലഭിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 അത്യാധുനിക അപേക്ഷാ കേന്ദ്രങ്ങളാണ് ഗ്രൂപ്പ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഒരു കേസ് നിലനില്‍ക്കുന്നതിനാല്‍ സേവനങ്ങള്‍ ആരംഭിക്കുന്നത് താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അന്തിമ നിര്‍ദ്ദേശം ലഭിക്കുന്നതോടെ പ്രവാസികള്‍ക്ക് അതിവേഗത്തിലും കുറഞ്ഞ നിരക്കിലും സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ഗ്രൂപ്പ് അറിയിച്ചു. അല്‍ ഹിന്ദിന് ലഭിച്ച അനുമതി നിലവിലുണ്ടായിരുന്ന കമ്പനിയടക്കം ചിലര്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സേവനകേന്ദ്രങ്ങള്‍ക്ക് ലഭിക്കാനുള്ള കരാര്‍ മത്സരത്തില്‍ അവസാന റൗണ്ടില്‍ അല്‍ ഹിന്ദ് അടക്കം നാല് കമ്പനികളാണ് ഉണ്ടായിരുന്നത്. ഇതില്‍ അല്‍ ഹിന്ദ് ഒഴിച്ച് ബാക്കിയെല്ലാം നിലവിലെ കമ്പനിയുടെ ബി ടീമുകളാണെന്നും പറയുന്നു.
കരാറുമായി ബന്ധപ്പെട്ട ഉത്തരേന്ത്യന്‍ ലോബികള്‍ പിടിക്കുന്നുതായാണ് അറിയുന്നത്. ഏതുവിധേനെയും കരാര്‍ കൈക്കലാക്കുകയെന്ന മത്സരത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രതിസന്ധി ഉരുത്തിരിഞ്ഞിക്കുന്നത്. യുഎഇയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രവാസികളെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. വിസ പുതുക്കല്‍, അറ്റസ്റ്റേഷന്, യാത്രകള്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ഇതോടെ വഴിമുട്ടിയത്. ഇന്ത്യന്‍ പ്രവാസികളില്‍ 70 ശതമാനത്തോളം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളാണ്. പുതിയ കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് സ്വീകരിക്കുന്ന നടപടികള്‍ താല്‍ക്കാലികമായി മാറ്റിവച്ചതിന് പിന്നില്‍ ‘ഭരണപരമായ കാരണങ്ങള്‍’ മാത്രമാണെന്നാണ് ഇന്ത്യന്‍ നയതന്ത്ര അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. എന്നാല്‍ നിജസ്ഥിതി മറിച്ചാണ്. കരാറില്‍ പങ്കെടുത്ത കമ്പനികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേസ് ഇപ്പോഴും വിധി പറയാനായി ഡല്‍ഹി ഹൈക്കോടതിയില്‍ തന്നെയാണുള്ളത്. എന്നാല്‍ ഈ നിയമ പോരാട്ടങ്ങള്‍ക്ക് പിന്നില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
നാല്പതോളം ആഗോള കമ്പനികള്‍ പങ്കെടുത്ത സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെയാണ് അല്‍ ഹിന്ദിനെ തെരഞ്ഞെടുത്തത്. ടെക്നിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി, ദുബൈയിലെ സാമ്പത്തിക മന്ത്രാലയം, ലേബര്‍ ഡിപാര്‍ട്ട്മെന്റ്, എമിഗ്രേഷന്‍ വിഭാഗം എന്നിവിടങ്ങളിലെ രജിസ്ട്രേഷന് നടപടികളും കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാ ഘട്ടങ്ങളിലും നിശബ്ദത പാലിച്ചവര്‍ സേവനം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രം കോടതിയെ സമീപിച്ചതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് പറയുന്നത്. മാത്രമല്ല ഗള്‍ഫ് മേഖലയില്‍ മികച്ച സേവന പരിചയും അല്ഹിന്ദിനുണ്ട്. സാധാരണക്കാരായ പവാസികള്‍ക്ക് വലിയ ആശ്വാസമേകി വെറും 19 ദിര്‍ഹം മാത്രമാണ് അല്‍ ഹിന്ദ് സേവന നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ എംബസിയും കോണ്‍സുലേറ്റും നേരിട്ട അപേക്ഷ സ്വീകരിച്ചാണ് കോണ്‍സുല്‍ സേവനങ്ങള്‍ നല്‍കുന്നത്. അപേക്ഷകരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ ഉദ്യോഗസ്ഥര്‍ വലയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു. യുഎഇയിലെ 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന പാസ്പോര്‍ട്ട് പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.