എംഎസ്എസിന് ദുബൈ സര്‍ക്കാരിന്റെ ഇത്റ എക്സലന്‍സ് അവാര്‍ഡ്; 146 സംഘടനകളില്‍ മികച്ചത്

ദുബൈ: എമിറേറ്റ്സ് എന്‍.ബി.ഡി.യുടെ കീഴിലുള്ള എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിനെ പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ ദുബൈ ഇസ്ലാമിക് ബാങ്ക് (ഡിഐബി) ധാരണയിലായി. സമ്പൂര്‍ണ്ണ ഓഹരി കൈമാറ്റത്തിലൂടെ നടപ്പിലാക്കുന്ന ഈ ലയിപ്പിക്കലിലൂടെ ആസ്തിയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ലിസ്റ്റഡ് ഇസ്ലാമിക് ബാങ്കിങ് ഗ്രൂപ്പാണ് നിലവില്‍ വരുന്നത്.
ഇടപാടിന്റെ ഭാഗമായി എമിറേറ്റ്സ് ഇസ്ലാമിക്കിന്റെ 100 ശതമാനം ഓഹരികള്‍ക്ക് പകരമായി ദുബൈ ഇസ്ലാമിക് ബാങ്ക് പുതിയ സാധാരണ ഓഹരികള്‍ എമിറേറ്റ്സ് എന്‍.ബി.ഡി.ക്ക് നല്‍കും. കരാര്‍ പൂര്‍ത്തിയാകുന്നതോടെ ഡി.ഐ.ബി.യിലെ പ്രധാന ഓഹരി ഉടമയായി എമിറേറ്റ്സ് എന്‍.ബി.ഡി മാറും. എന്നാല്‍ ഇടപാടിന്റെ തുക, ഡി.ഐ.ബി. നല്കുന്ന ഓഹരികളുടെ എണ്ണം, എമിറേറ്റ്സ് എന്‍.ബി.ഡി.ക്ക് ലഭിക്കുന്ന അന്തിമ ഓഹരി പങ്കാളിത്തം എന്നിവ ബാങ്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഭരണസമിതികളുടെ അംഗീകാരത്തോടെ ഇരു ബാങ്കുകളും ഓഹരി വില്‍പ്പന കരാറില്‍ ഒപ്പുവെച്ചു. ഇനി ഓഹരി ഉടമകളുടെ അംഗീകാരവും യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി തുടങ്ങിയ നിയന്ത്രണ ഏജന്‍സികളുടെ അന്തിമ അനുമതിയും ലഭിക്കേണ്ടതുണ്ട്. ലയനം എന്ന് പൂര്‍ത്തിയാകുമെന്ന തീയതി ബാങ്കുകള്‍ വ്യക്തമാക്കിയിട്ടില്ല.
സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഇരു ബാങ്കുകളുടെയും സംയോജിത ആസ്തി ഏകദേശം 585 ശതകോടി ദിര്‍ഹമാണ് (159 ശതകോടി ഡോളര്‍). ഡി.ഐ.ബി.യുടെ കരുത്തുറ്റ കോര്‍പ്പറേറ്റ് ബാങ്കിങ്ങും എമിറേറ്റ്സ് ഇസ്ലാമിക്കിന്റെ വിപുലമായ റീട്ടെയില്‍ ബാങ്കിങ് ശൃംഖലയും തമ്മില്‍ ചേരുന്നത് ബാങ്കിങ് മേഖലയില്‍ വലിയ നേട്ടമുണ്ടാക്കും.