ഇറാനെ ആണവായുധരഹിത രാജ്യമാക്കാന്‍ ലക്ഷ്യമെന്ന് അമേരിക്ക; ഇറാന് ആഗ്രഹിക്കുന്നത് ഹോര്‍മുസ് നിയന്ത്രണം

കുവൈത്ത്: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കുവൈറ്റ് പുതുതായി ആരംഭിച്ച ദീര്‍ഘകാല റെസിഡന്‍സി പ്രോഗ്രാമിലെ ആദ്യത്തെ 15 വര്‍ഷത്തെ ‘ഗോള്‍ഡന്‍ റെസിഡന്‍സി’ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് ലഭിച്ചു. ബയാന്‍ കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് നേരിട്ടാണ് യൂസഫ് അലിക്ക് റെസിഡന്‍സി രേഖകള്‍ കൈമാറിയത്. മികച്ച നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും മിഡില്‍ ഈസ്റ്റിലെ ഒരു പ്രധാന ബിസിനസ്നിക്ഷേപ കേന്ദ്രമായി കുവൈറ്റിനെ മാറ്റുന്നതിനും ഈ പദ്ധതി വലിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന സുരക്ഷിതവും നിക്ഷേപസൗഹൃദവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള കുവൈത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഗോള്‍ഡന്‍ റെസിഡന്‍സിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മാറുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ നിയമങ്ങളിലും നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടരി ബ്രിഗേഡിയര്‍ ജനറല്‍ ഫവാസ് അല്‍ റൗമി, മറ്റ് ഉന്നത മന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനും രാജ്യത്തെ ഒരു മുന്‍നിര നിക്ഷേപ കേന്ദ്രമാക്കുന്നതിനുമുള്ള കുവൈത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ‘ഗോള്‍ഡന്‍ റെസിഡന്‍സി’ പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗോള്‍ഡന്‍ റസിഡന്‍സി ഇതിനകം ലഭിച്ച യൂസഫലിക്ക് ഇതോടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലെയും ഗോള്‍ഡന്‍ റസിഡന്‍സി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി. രണ്ടായിരം മലയാളികള്‍ ഉള്‍പ്പെടെ ജോലി ചെയുന്ന കുവൈത്ത് ലുലുവില്‍ നിലവില്‍ 21 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലുവിന് കുവൈത്തിലുള്ളത്. നാല് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പദ്ധതികള്‍ പുരോഗമിക്കുന്നു. ഇത് കൂടാതെ കുവൈത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്.