പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട്: ഷാഫി പറമ്പില്‍

ഷാര്‍ജ: പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. ആളുകള്‍ അനുഭവിക്കുന്ന പ്രയാസം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പദ്ധതിയുടെ ഗുണം പ്രവാസികള്‍ക്കു പരമാവധി ലഭിക്കുന്ന വിധത്തിലുള്ള പ്രായോഗിക നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാന യാത്രാനിരക്ക് ഉയര്‍ന്നതാണെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരഭിപ്രായം ഇല്ലെങ്കിലും അതിനു പരിഹാരം കാണാന്‍ കഴിയുന്നില്ല. വിമാനിരക്കിന്റെ പ്രശ്നം ഇപ്പോള്‍ പ്രവാസികള്‍ മാത്രമല്ല, നാട്ടിലുള്ളവരും അനുഭവിക്കുകയാണ്. നിരക്ക് കുറയ്ക്കാനുള്ള തന്റെ പരിശ്രമം തുടരുമെന്നും ഷാഫി പറഞ്ഞു.
പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് ഏകപക്ഷീയമായി ആര്‍ക്കും തീരുമാനം എടുക്കാന്‍ സാധിക്കില്ല. എഐസിസിയുടെ അംഗീകാരത്തോടെയല്ലാതെ അവര്‍ക്കു പാര്‍ട്ടിയില്‍ മടങ്ങിവരാന്‍ കഴിയില്ല. കെപിസിസി പ്രസിഡന്റ് അവരെ സ്വാഗതം ചെയ്തതു ലീഡറുടെ മകള്‍ എന്ന പരിഗണനയിലാണ്. ലീഡറുടെ മകള്‍ക്ക് എല്ലാ ബഹുമാനവും പരിഗണനയും പാര്‍ട്ടി നല്‍കിയിട്ടുണ്ട്, പാര്‍ട്ടി ഒരിക്കലും അവരെ മറന്നിട്ടില്ല. മറന്നതു പത്മജ വേണുഗോപാലാണെന്നും ഷാഫി പ്രതികരിച്ചു.