ഇറാന് ആക്രമണത്തില്‍ കുവൈത്തില്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കേടുപാട്

ടെഹ്റാന്: ഒരിടത്ത് സമാധാന ശ്രമങ്ങള്‍; ഒപ്പ് യുദ്ധ വെല്ലുവിളികളും. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധവടംവലിയില് പൊറുതിമുട്ടി ലോക രാജ്യങ്ങള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധഭീതി ഒഴിഞ്ഞ നേരമില്ലാതായി. യുഎസും ഇറാനും പരസ്പരം പോരടിക്കല് തുടരുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ മറ്റൊരിടത്ത് നടക്കുന്നുമുണ്ട്. ആര്‍ക്കും ഒന്നും നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യം. സമാധാനം പുലരുമെന്ന് കരുതിയിരിക്കുമ്പോഴായിരിക്കും ഇവര്‍ തമ്മിലുള്ള വാക്കേറ്റങ്ങളും തുടര്‍ന്ന് ആക്രമണങ്ങളും നടക്കുന്നത്. ഇതിന്റെ ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങുന്നത് പ്രധാനമായും ഗള്‍ഫ് രാജ്യങ്ങള്‍. ഏറ്റവുമൊടുവില്‍ അമേരിക്ക പുതിയ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയും ഇസ്രായേലും ഇറാനിലെ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിലൊന്നിന് തയ്യാറെടുക്കുകയാണെന്ന് നിരവധി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ പ്രസിഡന്റ് ട്രംപ്, ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക ‘അത്ഭുതകരമായ ജോലി ചെയ്തു’ എന്ന് പറഞ്ഞു. വിയറ്റ്നാം, അഫ്ഗാനിസ്ഥാന്, കൊറിയ യുദ്ധങ്ങളുമായി താരതമ്യം ചെയ്ത്, ‘ഇറാന് ഇപ്പോള്‍ വളരെ മോശം അവസ്ഥയിലാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റെ ഭീഷണി നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും ഇറാനും വ്യക്തമാക്കി. ഇറാന് നേരെ എന്ന് ആക്രമണം ഉണ്ടാകുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം അമേരിക്കയും ഇറാനും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി മത്സരിക്കുന്ന സാഹചര്യത്തില്‍, ഒമാന്‍ തീരത്തിന് സമീപം ഒരു എണ്ണക്കപ്പലില്‍ ‘അജ്ഞാത പ്രൊജക്ടൈല്‍’ പതിച്ചതായി ബ്രിട്ടന്റെ സമുദ്ര വ്യാപാര നിരീക്ഷണ ഏജന്‍സി അറിയിച്ചു. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സിയുടെ പ്രസ്താവന പ്രകാരം, ഒമാനിലെ ലിമാ തീരത്തുനിന്ന് ഏകദേശം 12.5 മൈല്‍ അകലെയായിരുന്ന കപ്പലിന്റെ എന്ജിന് റൂമിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. യെമനിലെ ഹൂത്തി വിഭാഗം, എട്ട് സൗദി കപ്പലുകളെ തങ്ങളുടെ യാത്രാമാര്‍ഗം മാറ്റാന്‍ നിര്‍ബന്ധിതരാക്കിയതായി അവകാശപ്പെട്ടു. എന്നാല്‍ ഇത് എപ്പോള്‍ സംഭവിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല.