കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി കൊച്ചിയില്‍

എന്‍.എ.എം ജാഫര്‍
മലപ്പുറം: ലോക രാഷ്ട്രീയ ഭൂപടത്തില്‍, രാഷ്ട്രീയത്തിന് മാനവിക ദര്‍ശനം സമ്മാനിച്ച ശിഹാബ് തങ്ങള്‍ വിടവാങ്ങിയ ഓര്‍മ്മദിനം ഇന്ന്. അധികാര രാഷ്ട്രീയത്തിനപ്പുറം മനുഷ്യന്റെ അകത്തളങ്ങളിലേക്ക് ദയയുടെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും വിത്തുകള്‍ പാകിയ മഹാമനീഷി. ശിഹാബ് തങ്ങളുടെ ചിന്തകളും വാക്കുകളും അനിര്‍വചനീയമായ തലങ്ങളിലേക്ക് എത്താറുണ്ട്. ഒടുവില്‍ അതെല്ലാം സംഗമിക്കുന്നത് മനുഷ്യ സ്നേഹത്തിന്റെ തരളമായ, താളാത്മകമായ അന്തരീക്ഷത്തിലായിരിക്കും. വാക്കുകള്‍ക്കതീതമായി അദ്ദേഹത്തിന്റെ സാന്നിധ്യം പോലും ആര്‍ത്തിരമ്പുന്ന തിരമാലകളെ ശാന്തമാക്കാറുണ്ട്. ഉജ്ജ്വലമായ പ്രഖ്യാപനങ്ങളോ ആവേശകരമായ ആഹ്വാനങ്ങളോ എവിടെയും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ശാന്തമായി ഉരുവിടുന്ന വരികളിലെ അര്‍ത്ഥഗര്‍ഭമായ ആശയങ്ങള്‍ പിന്നീട് വിപ്ലവകരമായ മാറ്റത്തിന്റെ നിലാവെളിച്ചമായി പരക്കാറുണ്ട്. ഒരുപക്ഷെ ലോകത്തൊരിടത്തും അധികാരത്തിന്റെ ശ്രേണിയിലെവിടെയും ഇടംപിടിക്കാതെ, അല്ലെങ്കില്‍ പിടികൊടുക്കാതെ അതിര് വരമ്പുകളില്ലാതെ മനുഷ്യമനസ്സുകളില്‍ ഇടംപിടിച്ച അപൂര്‍വ്വ വ്യക്തിത്വം. ശിഹാബ് തങ്ങളുടെ പുഞ്ചിരി പോലും സമാധാനത്തിന്റെ മഹാസന്ദേശം വിളംബരം ചെയ്തിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന പൂര്‍ണനാമത്തില്‍ അറിയപ്പെടുന്ന ഈ മഹാന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠശാലയാണ്, ഒപ്പം ആത്മീയതലങ്ങളില്‍ വിഹരിക്കുന്നവര്‍ക്ക് ഉത്തമ വഴികാട്ടിയും. അതിലപ്പുറം പച്ചമനുഷ്യന്റെ ജീവിത ദര്‍ശനവും വീക്ഷണവും കൃത്യമായി നിരീക്ഷിച്ച മനുഷ്യസ്നേഹി. ഇസങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വര്‍ഗപരമായ വ്യത്യാസങ്ങള്‍ക്കുമപ്പുറം മാനവിക ദര്‍ശനം എന്താണെന്ന് സ്വജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ച പച്ചമനുഷ്യന്. ശിഹാബ് തങ്ങളുടെ അത്യപൂര്‍വ്വമായ ചിന്താദര്‍ശനം കൃത്യമായ പഠനങ്ങള്‍ക്ക് വിധേയമാക്കി തലമുറകള്‍ക്ക് കൈമാറേണ്ടതാണ്. ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കും ഉജ്ജ്വലമായ വാക്തോരണികള്ക്കും അപ്പുറമുള്ള ശിഹാബ് തങ്ങളെയാണ് പഠനവിധേയമാക്കേണ്ടത്.
അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രസംഗങ്ങളിലും പൊതുഇടപെടലുകളിലും ഊന്നിപ്പറഞ്ഞ പ്രധാന ആശയങ്ങളും സന്ദേശങ്ങളും വരും തലമുറകളിലേക്ക് ക്രിയാത്മകമായി സന്നിവേശിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ സൗമ്യതയുടെയും ഐക്യത്തിന്റെയും പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ മനുഷ്യസ്നേഹത്തിലും മതമൂല്യങ്ങളിലും സാമൂഹിക ഉത്തരവാദിത്തത്തിലും അധിഷ്ഠിതമായിരുന്നു.
എല്ലാ മതവിഭാഗങ്ങളോടും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറണം എന്ന സന്ദേശമാണ് അദ്ദേഹം സ്ഥിരമായി നല്‍കിയത്. സമാധാനപരമായ സഹവര്‍ത്തിത്വമാണ് സമൂഹത്തിന്റെ ശക്തിയെന്ന് അദ്ദേഹം വിശ്വസിച്ചു. വിദ്യാഭ്യാസത്തിന് അദ്ദേഹം നല്കിയ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. മതവിദ്യാഭ്യാസത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അറിവാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിയുടെ അടിത്തറയെന്ന് അദ്ദേഹം പറയുമായിരുന്നു. നമ്മളൊക്കെ ചിന്തിക്കുന്നതിനപ്പുറമായി സ്ത്രീ വിദ്യാഭ്യാസത്തിന് അദ്ദേഹം പ്രത്യേക ഊന്നല്‍ നല്‍കിയതായി കാണാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന് അദ്ദേഹം വാദിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം കേവലമൊരു അധികാരമേഖലയിലേക്കുള്ള വഴിമാത്രമല്ലെന്നും അതില്‍ ജീവകാരുണ്യം എങ്ങനെ സന്നിവേശിപ്പിക്കാമെന്ന് വരച്ചുകാട്ടിയ മഹാനായിരുന്നു. അധികാരത്തിലും നേതൃത്വത്തിലും വിനയം കൈവിടരുതെന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. ലളിതമായ ജീവിതശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. സമൂഹത്തിലെ ഏത് വിഷയവും പ്രശ്നങ്ങളും ഏറ്റുമുട്ടലിലൂടെയല്ല, സംവാദത്തിലൂടെയും ക്ഷമയോടെയും പരിഹരിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഏത് സന്ദര്‍ഭത്തിലും ധാര്‍മിക ജീവിതം എങ്ങനെ നിലനിര്‍ത്താമെന്ന് സമൂഹത്തെ പഠിപ്പിച്ചു. സത്യസന്ധത, വിശ്വാസ്യത, കരുണ, നീതി എന്നിവ ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. യുവാക്കള്‍ വിദ്യാഭ്യാസത്തിലും സ്വഭാവശുദ്ധിയിലും സാമൂഹിക സേവനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമൂഹത്തിന് മാതൃകയാകണമെന്നും അദ്ദേഹം ഉപദേശിക്കുമായിരുന്നു.
കുട്ടികളോടും സ്ത്രീകളോടും വൃദ്ധരോടുമുള്ള അദ്ദേഹത്തിന്റെ അനുകമ്പയും സ്നേഹവും പ്രവാചജീവിതത്തിന്റെ തനിപകര്‍പ്പായിരുന്നു. മലപ്പുറം ജില്ലയിലെ പാണക്കാട് കുടുംബത്തിലെ അംഗമായി 1936-ല്‍ ജനിച്ച അദ്ദേഹം, പിന്നീടുള്ള ജീവിതവഴിയില്‍ വഹിച്ച പദവികളും സ്ഥാനങ്ങളും എണ്ണയാലൊടുങ്ങില്ല. ദീര്‍ഘകാലം മുസ്ലിംലീഗിന്റെ നേതൃസ്ഥാനം വഹിച്ചു. ഒപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായും അടുത്ത ബന്ധം പുലര്‍ത്തി. ഇതൊക്കെയാണെങ്കിലും ഇതര വിഭാഗങ്ങളിലെ നേതാക്കളുമായും വ്യക്തിത്വങ്ങളുമായി ക്രിയാത്മകമായ വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സമൂഹത്തിലെ നാനാതുറകളിലുള്ള കലാകാരന്മാര്, എഴുത്തുകാര്‍, സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങി ശിഹാബ് തങ്ങളുമായി വ്യക്തിബന്ധമുണ്ടായിരുന്നവരെ നിര ആരെയും ചിന്തിപ്പിക്കുന്നതാണ്. വിശാലമായ വായനാശീലമുണ്ടായിരുന്ന ശിഹാബ് തങ്ങള്‍ വ്യത്യസ്ത മേഖലയിലെ ബുദ്ധിജീവികളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. അവരുമായി ക്രിയാത്മകമായ സംവാദങ്ങളിലേര്പ്പെടുമായിരുന്നു. ശിഹാബ് തങ്ങളെക്കുറിച്ചുള്ള പഠനവും എഴുത്തും ഇനിയും തുടരേണ്ടതുണ്ട്. സാമൂഹിക നീതി, വിദ്യാഭ്യാസ പുരോഗതി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി അദ്ദേഹം നല്കിയ സംഭാവനകള്‍ കേരള സമൂഹത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിലെങ്ങും കാണാന്‍ കഴിയും. 2009 ഓഗസ്റ്റ് 1ന് അദ്ദേഹം വിടവാങ്ങുമ്പോള്‍ വലിയൊരു വിളക്കണഞ്ഞു പോയ അനുഭവമായിരുന്നു, ഒരു സൂര്യതേജസ് അണഞ്ഞുപോയ പ്രതീതി. എന്നിരുന്നാലും അവിടവിടങ്ങളിലായി ഓരോ മനുഷ്യരുടെയും അകത്തളങ്ങളില്‍ അദ്ദേഹം കൊളുത്തിവെച്ച സ്നേഹത്തിന്റെ തിരിനാളങ്ങള്‍ ജ്വലിച്ചു കൊണ്ടേയിരിക്കുന്നു. ശിഹാബ് തങ്ങള്‍ക്ക് പകരമായി ശിഹാബ് തങ്ങള്‍ മാത്രം…