റാസല്‍ഖൈമ അപകടം: മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കും

റാസല്‍ഖൈമ: ചൊവ്വാഴ്ച റാസല്‍ഖൈമയിലെ അല്‍ വതന്‍ റോഡിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച മുതല്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഫോറന്‍സിക് റിപ്പോര്‍ട്ട്, അന്വേഷണ സംഘം പബ്ലിക് പ്രോസിക്യൂഷന് ബുധനാഴ്ച കൈമാറി. വെള്ളിയാഴ്ച ഉച്ചയോടെ അധികൃതരുടെ അനുമതി ലഭിക്കുന്നതനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ രാത്രിയിലെ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
എന്‍ജിനീയറായ കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അട്ടേങ്ങാനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരാടി (53), മെക്കാനിക്കല്‍ എന്‍ജിനീയര്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് (29), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖ് (29), ആന്ധ്ര സ്വദേശി വിനോദ് കുമാര്‍ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരും പഞ്ചാബ്, യു.പി, രാജസ്ഥാന് സ്വദേശികളുമാണ് മരിച്ച ഇന്ത്യക്കാര്‍.
ശ്രമകരമായ പ്രക്രിയകളിലൂടെയാണ് ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് അധികൃതര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചത്. ഹേമന്തിന്റെ ബന്ധുക്കളാരും യു.എ.ഇയില്‍ ഇല്ലാത്തതിനാല്‍ വസ്ത്രവും ടൂത്ത് ബ്രഷ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാണ് തിരച്ചറിയല്‍ പൂര്‍ത്തിയാക്കിയത്. തലശ്ശേരി സ്വദേശിനി സങ്കീര്ത്തയുടെ മൃതദേഹമാകും ആദ്യം നാട്ടിലേക്ക് അയക്കുക. റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കെ.എം.സി.സി എന്നിവയുടെ പ്രവര്‍ത്തകര്‍ ഇതിനായി സജീവമായി രംഗത്തുണ്ട്.
വിസ മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി ഒമാനില്‍ പോയി ദുബൈയിലേക്ക് മടങ്ങുകയായിരുന്ന ബസ് റോഡരികില്‍ തകരാറായി കിടന്നിരുന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 13 ജീവനുകള്‍ പൊലിയുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല് മലയാളികളുള്‍പ്പെടെ 11 ഇന്ത്യക്കാരും ഓരോ ശ്രീലങ്ക, ഫിലിപ്പീന്‍സ് സ്വദേശികളുമാണ് മരിച്ചത്.