ഷാര്‍ജ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷം ഡിസംബര്‍ 12ന്; മുഖ്യാതിഥി മന്ത്രി അബ്ദുല്‍ ഗഫൂര്‍

ദുബൈ: ഡിപി വേള്‍ഡ് ഇന്റര്‍നാഷണല്‍ ലീഗ് ടി20 അഞ്ചാം സീസണില്‍ ദുബൈ ക്യാപിറ്റല്‍സിന്റെ അസോസിയേറ്റ് പാര്‍ട്ണറായി അല്‍ നഹ്ദ സെന്റര്‍ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഇതോടൊപ്പം അല്‍നഹ്ദ സെന്ററിന്റെ യുഎഇ 55ാമത് ദേശീയ ദിനാഘോഷ പരിപാടികളും ചടങ്ങില്‍ പ്രഖ്യാപിച്ചു. ആധുനിക സാങ്കേതികവിദ്യയോടുള്ള അല്‍ നഹ്ദ സെന്ററിന്റെ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് ‘നൂര്‍’ (Noor) എന്ന നിര്‍മ്മിതബുദ്ധി (AI) റോബോട്ടിന്റെ ആമുഖ പ്രസംഗത്തോടെയാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ചടങ്ങിലെ ഏറ്റവും വലിയ ആകര്‍ഷണമായി മാറിയ നൂര്‍, സ്മാര്‍ട്ട് സേവന രംഗത്തെ സെന്ററിന്റെ പുത്തന്‍ ചുവടുവെപ്പുകളെ അടയാളപ്പെടുത്തി.
അല്‍ നഹ്ദ സെന്ററിനെ പ്രതിനിധീകരിച്ച് സിഇഒ നബീല്‍ അഹമ്മദ് മുഹമ്മദ്, ഡയറക്ടര്‍ റാഷിദ് അസ്ലം എന്നിവരും, ദുബൈ ക്യാപിറ്റല്‍സിനെ പ്രതിനിധീകരിച്ച് ജിഎംആര്‍ സ്പോര്‍ട്സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസറും റഗ്ബി പ്രീമിയര്‍ ലീഗ് മേധാവിയുമായ സുജോയ് ഗാംഗുലി, ജിഎംആര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് (കോര്‍പ്പറേറ്റ് ഫിനാന്‍സ് & സ്ട്രാറ്റജി) അജിത് ഗോപിനാഥന് നായര്‍ എന്നിവരും കരാറില്‍ ഒപ്പുവെച്ചു. യുഎഇ ദേശീയ ക്രിക്കറ്റ് താരം ഹൈദര്‍ അലി, അല്‍ നഹ്ദ സെന്റര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഫൈസല്‍ ബിന്‍ മുഹമ്മദ്, ദുബായ് ക്യാപിറ്റല്‍സ് എജിഎം (സ്പോര്‍ട്സ് ഓപ്പറേഷന്‍സ്) ശിവകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദിവസേന ആയിരക്കണക്കിന് താമസക്കാര്‍ക്ക് സേവനങ്ങള്‍ നല്കുന്ന സര്‍ക്കാര്‍ സേവന കേന്ദ്രവും ദുബൈയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ഫ്രാഞ്ചൈസിയും ഒന്നിക്കുന്നതിലൂടെ ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. സംയുക്ത ബ്രാന്‍ഡിംഗ്, ഫാന്‍ എന്‍ഗേജ്മെന്റ് പരിപാടികള്‍, ദുബൈ ക്യാപിറ്റല്‍സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ നേടാനുള്ള മത്സരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ദുബൈ ക്യാപിറ്റല്‍സ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും വിസ നടപടികള്‍ പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നത് അല്‍ നഹ്ദ സെന്ററായിരിക്കും.
ക്രിക്കറ്റിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുന്ന ദുബൈ ക്യാപിറ്റല്‍സും, ഒരൊറ്റ മേല്‍ക്കൂരക്ക് കീഴില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്കി ജനങ്ങളുടെ ജീവിതവും ഭാവിയും കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന അല്‍ നഹ്ദ സെന്ററും തമ്മിലുള്ള ആത്മബന്ധമാണ് ഈ പങ്കാളിത്തത്തിന്റെ കാതല്‍.
അല്‍ നഹ്ദ സെന്റര്‍ ഡയറക്ടര്‍ റാഷിദ് അസ്ലം പറഞ്ഞു.