ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: ഇറാനെതിരെ കനത്ത ആക്രമണം നടത്താനുള്ള യുഎസ്-ഇസ്രാഈല്‍ തീരുമാനം റദ്ദാക്കിയതിന് പിന്നാലെ ഇറാനുമായി ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനെതിരെ കനത്ത ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ഇറാന് നിസ്സാരമായി തള്ളിയതോടെ അതിന്റെ ജാള്യതയില്‍ നിന്നും മുക്തമാകാനായി ട്രംപ് ചില പ്രസ്താവനകളും നടത്തുകയുണ്ടായി. റദ്ദാക്കിയ ആക്രമണം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയതായേനെ എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനുമായി കരാറിലെത്താന്‍ പ്രത്യേക സമയപരിധിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കന്‍ ആക്രമണം റദ്ദാക്കിയതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനായി എന്നും അനാവശ്യമായ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായെന്നും ട്രംപ് പറഞ്ഞു. ആ ആക്രമണം നടന്നിരുന്നെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ഷങ്ങളോളം പുനര്‍നിര്‍മിക്കാന്‍ കഴിയാത്തവിധം നശിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു. ചര്‍ച്ചയില്‍ ഹോര്‍മുസ് കടലിടുക്കും ഇറാന്റെ ആണവനിരായുധീകരണവും ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ആക്രമണം റദ്ദാക്കണമെന്ന് തങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ വാദം ഇറാന്റെ സൈനിക ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. അത് പുതിയൊരു നുണ മാത്രമാണെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ ഉദ്ധരിച്ച സൈനിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ജൂണില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രം അമേരിക്ക മാനിക്കണമെന്നും പാലിക്കണമെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ആവശ്യപ്പെട്ടു. ആ ഇടക്കാല കരാര്‍ ഭാവിയില്‍ ഇറാന്റെ വിദേശനയത്തിന്റെ പ്രധാന അടിത്തറയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഹോര്‍മുസ് കടലിടുക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി അറിയിച്ചു. കൂടാതെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് രാഷ്ട്രീയ സമ്മര്‍ദം വര്‍ധിക്കുകയാണ്. ഈ യുദ്ധം അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ ജനപ്രീതി നഷ്ടപ്പെടുന്ന വിഷയമായി മാറിയിരിക്കുകയാണ്. ട്രംപിന്റെ അനുയായികളില്‍ പലരും പോലും യുദ്ധം തുടരേണ്ടതില്ലെന്നാണ് ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസില്‍ ചില റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിന്റെ നിലപാടിനെ എതിര്‍ത്ത് സൈനിക നടപടി അവസാനിപ്പിക്കുകയോ കോണ്‍ഗ്രസിന്റെ അനുമതി നേടുകയോ വേണമെന്ന പ്രമേയം പിന്തുണച്ചിരുന്നു. മൂന്ന് മാസത്തിനകം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകള്‍ ട്രംപിന് വലിയ വെല്ലുവിളിയാണ്. നിലവിലെ അഭിപ്രായ സര്‍വേകള്‍ പ്രകാരം അമേരിക്കക്കാരില്‍ ഏകദേശം മൂന്നിലൊരാള്‍ മാത്രമാണ് ഇപ്പോഴും ട്രംപിനെ പിന്തുണയ്ക്കുന്നത്.