സൗദി-തുര്‍ക്കി-പാകിസ്ഥാന് സഖ്യം; പ്രതിരോധ കരാര്‍ ഇന്ന് ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്

ജിദ്ദ: സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന് എന്നിവര്‍ സംയുക്ത പ്രതിരോധ സഹകരണ കരാറില്‍ ഇന്ന് ജിദ്ദയില്‍ ഒപ്പുവെക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി സൈന്യത്തോടും സര്‍ക്കാരിനോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍ കരാറിനെക്കുറിച്ച് ഇതുവരെ മൂന്ന് രാജ്യങ്ങളും ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. മേഖലയിലെ സുരക്ഷാ സാഹചര്യമാണ് കൂട്ടായ്മക്കുള്ള പശ്ചാത്തലം. അമേരിക്ക-ഇറാന് യുദ്ധവും
ഹോര്‍മുസ് കടലിടുക്കിലെയും ചെങ്കടലിലെയും കപ്പല്‍ഗതാഗത തടസ്സങ്ങളും പ്രാദേശിക സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് ഈ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ കരാര്‍ ഏറെക്കാലമായി ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ അതിന്റെ നടപടികള്‍ വേഗത്തിലാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗാന്, പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന് സൈനിക മേധാവി ജനറല്‍ അസിം മുനീറും സൗദി സന്ദര്‍ശനത്തിലാണ്.