യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

അബുദാബി: സര്‍വ്വസജ്ജമായ യുഎഇയുടെ ഫ്ളോട്ടിംഗ് ആശുപത്രി അബുദാബി സായിദ് തുറമുഖത്ത് നങ്കൂരമിട്ടു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് ആശുപത്രി സന്ദര്‍ശിച്ച് പ്രവര്‍ത്തനസജ്ജതയും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി. പ്രതിസന്ധികളും ദുരന്തങ്ങളും ബാധിച്ച പ്രദേശങ്ങളില്‍ അതിവേഗ ചികിത്സയും മാനുഷിക സഹായവും എത്തിക്കാനുള്ള യുഎഇയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ആശുപത്രി വികസിപ്പിച്ചിരിക്കുന്നത്. 100 കിടക്കകളുള്ള ആശുപത്രി ലെവല്‍ ത്രീ ട്രോമാ ഹോസ്പിറ്റല്‍ വിഭാഗത്തില്‍ ഉള്‍പ്പെടും. 10 ഐസിയു കിടക്കകള്‍, അപകടങ്ങളിലും ഗുരുതര പരിക്കുകളിലും ചികിത്സക്കായി 18 പ്രത്യേക കിടക്കകള്‍, അടിയന്തര, ജനറല്‍, ഓര്‍ത്തോപീഡിക്, ലാപറോസ്കോപ്പിക് ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്ന ആധുനിക ഓപ്പറേഷന് തിയേറ്ററുകള്‍ എന്നിവ ഇതില്‍ സജ്ജമാണ്. കൂടാതെ മെഡിക്കല്‍ ഗ്യാസ് ഉല്പാദനവിതരണ സംവിധാനം, ശുദ്ധജല ശുദ്ധീകരണ, ഉല്പാദന പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, സ്മാര്‍ട്ട് നഴ്സ് കോള്‍ സംവിധാനം തുടങ്ങിയവ ഈ ആശുപത്രിയുടെ പ്രത്യേകതയാണ്. മാത്രമല്ല, എമര്‍ജന്‍സി വിഭാഗം, ഡയഗ്നോസ്റ്റിക് ഇമേജിംഗ് യൂണിറ്റ്, ലബോറട്ടറികള്‍, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകള്‍, ഫാര്‍മസി, ഇന്‍പേഷ്യന്റ് വാര്‍ഡുകള്‍
എന്നിവയും ആധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകളോടെ സജ്ജീകരിച്ചിരിക്കുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ യുഎഇ ലോകമെമ്പാടുമുള്ള പ്രതിസന്ധി ബാധിതര്‍ക്കുള്ള മാനുഷിക സഹായം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സന്ദര്‍ശനത്തിനിടെ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് പറഞ്ഞു. കൂടാതെ ഫ്േളാട്ടിംഗ് ആശുപത്രി യുഎഇയുടെ ദുരിതാശ്വാസ സംവിധാനത്തിന് വലിയ കരുത്ത് പകരുന്ന പുതിയ സംരംഭമാണ്. ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ജീവന് രക്ഷിക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്കു വിദഗ്ധ ചികിത്സ എത്തിക്കാനുമാണ് ഇതിന്റെ ലക്ഷ്യം. ദുരന്തങ്ങളോ മാനുഷിക പ്രതിസന്ധികളോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ വേഗത്തില്‍ വിന്യസിക്കാവുന്ന ആധുനിക ആശുപത്രി ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.