സലാലയില്‍ വാഹനപകടത്തില്‍ മലയാളി യുവതി മരിച്ചു

ജറുസലേം: ലോകം മുഴുവന്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് നീങ്ങിയപ്പോള്‍ ഫലസ്തീന് മക്കളുടെ തീരാദുരിതങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത് ആരും അറിഞ്ഞില്ല. ലോകത്തെ ഏത് വമ്പനെയും വെല്ലുവിളിച്ച്, കൊന്നും കൊലവിളിച്ചു ഒരു ജനതയെ പിറന്ന മണ്ണില്‍ നിന്നും ആട്ടിയോടിക്കുമ്പോള്‍ ഇസ്രാഈല്‍ എന്ന കൊടുംക്രൂരതയോട് ആരുണ്ട് ചോദിക്കാന്‍. കുടിക്കാന്‍ വെള്ളമില്ലാത്ത, വിശപ്പകറ്റാന്‍ ഭക്ഷണമില്ലാത്ത, അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാത്ത ഒരു ജനത പറയുന്നു-‘ഞങ്ങളുടെ ശൗചാലയം പോലും നഷ്ടമായി’. അനധികൃത ഇസ്രാഈല്‍ കുടിയേറ്റത്തിന്റെ ഫലമായി ഫലസ്തീന് ഗ്രാമത്തിന്റെ ജീവിത ദുരന്തം ചൂണ്ടിക്കാട്ടുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അല്‍ജസീറ പുറത്തുവിടുകയുണ്ടായി.
അധിനിവേശ വെസ്റ്റ് ബാങ്കിലെ മസാഫര്‍ യത്തയിലെയും ഉം അല്ഖൈറിലെയും ഫലസ്തീന് ഗ്രാമവാസികള്‍, സമീപത്ത് സ്ഥാപിച്ച പുതിയ അനധികൃത ഇസ്രാഈല്‍ സെറ്റില്‍മെന്റ് ഔട്ട്പോസ്റ്റ് കാരണം സ്വന്തം ഭൂമിയിലേക്കും ഉപജീവന മാര്‍ഗങ്ങളിലേക്കും എത്താനാകാത്ത അവസ്ഥയിലായിരിക്കുന്നത്. സ്വന്തം വീട്ടില്‍ നിന്നും മാറി താമസിക്കേണ്ടിവരുന്ന നിരവധി കുടുംബങ്ങള്‍. അവനവന്റെ കിടപ്പാടത്തെ ദൂരെ നിന്നും കണ്ണീരോടെ നോക്കി നില്ക്കാന് വിധിക്കപ്പെട്ടവര്‍. ഇങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ. എന്നാല്‍ ഫലസ്തീന് മക്കള്‍ എല്ലാം അനുഭവിക്കുന്നു. സലേം അല്ഹതലീനും ഭാര്യ ഇഖ്ലാസ് അല്ഹതലീനും എട്ട് മക്കള്‍ക്കുമുണ്ടായ ദുരവസ്ഥയാണ് അല്‍ജസീറ വിവരിക്കുന്നത്. ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത് സ്വന്തം വീട്ടിലല്ല, ഇവരുടെ വീടിന് ഏകദേശം 20 മീറ്റര്‍ അകലെ കഴിഞ്ഞ സെപ്റ്റംബറില്‍ സ്ഥാപിച്ച പുതിയ സെറ്റില്‍മെന്റ് ഔട്ട്പോസ്റ്റില്‍. കുടുംബം കൃഷിക്കും ആടുകളെ മേയ്ക്കുന്നതിനും ഉപയോഗിച്ചിരുന്ന ഭൂമിയും നഷ്ടമായി. ഇപ്പോള്‍ ആടുകളെ വളര്‍ത്തുന്ന കൂടാരത്തിലേക്ക് പോലും എത്താന്‍ കഴിയാത്ത അവസ്ഥയാണ്.
ആടുകള്‍ ജീവനോടെയുണ്ടോ എന്ന് ജനാലയിലൂടെ നോക്കാന്‍ മാത്രമേ കഴിയൂ. ഇഖ്ലാസിന്റെ വാക്കുകള്‍ പ്രകാരം, സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ മാസത്തില്‍ വെറും മൂന്ന് തവണ മാത്രമാണ് ആടുകളെ കാണാന്‍ കഴിഞ്ഞത്. എല്ലാ ദിവസവും രാവിലെ ജനാലയിലൂടെ നോക്കി ആടുകള്‍ ജീവനോടെയുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുന്നത്. കൂടാതെ ശൗചാലയത്തിലേക്കുള്ള വഴിയും ഇസ്രാഈല്‍ സൈന്യം തടഞ്ഞു. വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള കുടുംബത്തിന്റെ ശൗചാലയത്തിലേക്കുള്ള പ്രവേശനവും ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഇസ്രായേല്‍ കുടിയേറ്റക്കാര്‍ മുള്ളുവേലികള്‍ സ്ഥാപിച്ച് വഴി തടഞ്ഞതായും പിന്നീട് ആ പ്രദേശം ഇസ്രായേല്‍ സൈന്യം അത് പിടിച്ചെടുത്തു. ഇതോടെ ഒരു വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അയല്‍വാസിയുടെ ശൗചാലയമാണ് ഉപയോഗിക്കുന്നത്. അവിടേക്ക് പോകാന്‍ കുടിയേറ്റക്കാര്‍ ഉപയോഗിക്കുന്ന റോഡ് മുറിച്ചുകടക്കേണ്ടി വരുന്നതും വലിയ അപകടമാണെന്ന് കുടുംബം പറയുന്നു.
അതേസമയം ഞങ്ങള്‍ നമ്മുടെ ഭൂമി വിട്ടുപോകില്ല. കൂടാരത്തിലോ മരച്ചുവട്ടിലോ താമസിക്കേണ്ടിവന്നാലും ഇവിടെ തന്നെ തുടരും,’ ഇഖ്ലാസ് അല്ഹതലീന് പറഞ്ഞു. ഇവരുടെ ജീവിതോപാധിയായ കന്നുകാലികളും കൃഷിഭൂമിയും നഷ്ടപ്പെട്ടു. ഗ്രാമ കൗണ്‍സില്‍ മേധാവി ഖലീല്‍ അല്ഹതലീന് പറയുന്നതനുസരിച്ച്, ഗ്രാമത്തിലെ കന്നുകാലികളുടെ എണ്ണം 3,000ല്‍ നിന്ന് 700 ആയി കുറഞ്ഞു. 1,000ലധികം ഒലിവ് മരങ്ങള്‍ വെട്ടിനശിപ്പിക്കപ്പെട്ടു. ഏകദേശം 50,000 ചതുരശ്ര മീറ്റര്‍ കൃഷിഭൂമി കൈവശപ്പെടുത്തി. ബാക്കിയുളള വീടുകള്‍ക്ക് പൊളിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോടെ കെട്ടിടങ്ങള്‍ മാത്രമല്ല ഇല്ലാതാവുന്നത്. തലമുറകളായി നിലനിന്നിരുന്ന ഒരു ജീവിതരീതിയാണ് ഇല്ലാതാകുന്നത്. കുട്ടികള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. സ്കൂളില്‍ പോകാനും മറ്റുകുട്ടികളെ പോലെ കളിക്കാനുമാണ് ആഗ്രഹമെങ്കിലും ഈ പ്രദേശത്തെ കുട്ടികള്‍ക്ക് അതിന് കഴിയുന്നില്ല, ഇവിടെ ഭയം ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്.
അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ നിയമവിരുദ്ധമാണെന്ന് ഭൂരിഭാഗം രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും വിലയിരുത്തുന്നു. എന്നാല്‍ ഇസ്രായേല്‍ ഈ നിലപാട് അംഗീകരിക്കുന്നില്ല. വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികളെക്കുറിച്ച് ഇസ്രായേലും ഫലസ്തീന് വൃത്തങ്ങളും അന്താരാഷ്ട്ര സംഘടനകളും തമ്മില്‍ പല വിഷയങ്ങളിലും വ്യത്യസ്തമായ വിലയിരുത്തലുകള്‍ നിലനില്ക്കുന്നു. ഫലസ്തീന് മക്കള്‍ക്ക് വേണ്ടി എല്ലാവരും ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും പ്രശ്നപരിഹാരം എന്നുണ്ടാവുമെന്ന ചോദ്യമാണ് ഉയരുന്നത്. ആരുടെയും ഒന്നും പിടിച്ചെടുക്കാനല്ല, ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി.