ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

അബുദാബി: ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി യുഎഇ ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ എജുക്കേഷന്‍ ഫണ്ടിന് (FIFA Global Citizen Education Fund)50 ലക്ഷം യുഎസ് ഡോളര്‍ (USD 5 million) സംഭാവന പ്രഖ്യാപിച്ചു. ഈ സാമ്പത്തിക സഹായം ഉപയോഗിച്ച് കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ ഒരുക്കുക, അറിവും ജീവിത നൈപുണ്യങ്ങളും വികസിപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക, വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്നിവ നടപ്പാക്കും. മനുഷ്യവിഭവ വികസനത്തിലും വരുംതലമുറകള്‍ക്കായി സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ അവസരങ്ങള്‍ സൃഷ്ടിക്കുന്ന അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ക്കും യുഎഇ നല്കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് ഈ സംഭാവന.
ഗ്ലോബല്‍ സിറ്റിസണ്‍ (Global Citizen) അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ്. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുകളെയും കമ്പനികളെയും ജീവകാരുണ്യ സംഘടനകളെയും കലാകാരന്മാരെയും പൊതുജനങ്ങളെയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സംഘടയാണ്. ഫിഫയും ഗ്ലോബല്‍ സിറ്റിസണും ചേര്‍ന്നാണ് ഫണ്ട് തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക. വിവിധ സംഘടനകളുമായി സഹകരിച്ച് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുക. ഫുട്ബോളിനെ ആഗോള മാറ്റത്തിനുള്ള പ്രചോദനമാക്കി വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം. ഈ സംഭാവനയിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് യുഎഇ കൂടുതല്‍ കരുത്ത് പകരുകയാണ്.