സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂയോര്‍ക്ക്: യുഎഇയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയും അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള റോസ്വെല് പാര്‍ക്ക് കാന്‍സര്‍ സെന്ററും ചേര്‍ന്ന് യുഎഇയില്‍ പ്രത്യേക തോറാസിക് ശസ്ത്രക്രിയാ പരിപാടി ആരംഭിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അമേരിക്കന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിച്ച സമഗ്ര കാന്‍സര്‍ ചികിത്സാ കേന്ദ്രമായ റോസ്വെല് പാര്‍ക്കിന്റെ ചികിത്സാ പ്രോട്ടോക്കോളുകളും ബഹുമുഖ വിദഗ്ധ ചികിത്സാ പരിചയവും അക്കാദമിക് മികവും, ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ ആധുനിക ചികിത്സാ സൗകര്യങ്ങളുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ശ്വാസകോശ കാന്‍സര്‍, അന്നനാള കാന്‍സര്‍, മീഡിയാസ്റ്റിനം (നെഞ്ചിന്റെ മധ്യഭാഗം) സംബന്ധമായ കാന്‍സറുകള്‍, നെഞ്ചെല്ല് (ചെസ്റ്റ് വാള്) ബാധിക്കുന്ന കാന്‍സറുകള്‍ തുടങ്ങിയ രോഗങ്ങള്‍ക്കാണ് ശസ്ത്രക്രിയാ ചികിത്സ നല്‍കുക. രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ച് റോബോട്ടിക് ശസ്ത്രക്രിയ, വീഡിയോഅസിസ്റ്റഡ് തോറാക്കോസ്കോപ്പിക് സര്‍ജറി, പരമ്പരാഗത ഓപ്പണ്‍ സര്‍ജറി എന്നിവ ലഭ്യമാകും. ഈ പദ്ധതി ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഹുവിദഗ്ധ ചികിത്സാ സംവിധാനത്തിന്റെ ഭാഗമാകും. ഇതില്‍ തോറാസിക് സര്‍ജറി വിദഗ്ധര്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റുകള്‍, റേഡിയേഷന് ഓങ്കോളജിസ്റ്റുകള്‍, പള്‍മണോളജിസ്റ്റുകള്‍, പാത്തോളജിസ്റ്റുകള്‍, റേഡിയോളജിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്ന് രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയ, തുടര്‍ചികിത്സ, ഫോളോഅപ്പ് വരെ ഏകോപിത ചികിത്സ ഉറപ്പാക്കും. ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ നാഷണല്‍ കോംപ്രിഹെന്‍സീവ് കാന്‍സര്‍ നെറ്റ്വര്‍ക്ക് (NCCN) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും. ഈ സഹകരണം യുഎഇയിലെയും മേഖലയിലെയും രോഗികള്‍ക്ക് അത്യാധുനിക തോറാസിക് കാന്‍സര്‍ ചികിത്സ സ്വന്തം രാജ്യത്തുതന്നെ ലഭ്യമാക്കുന്ന സ്ഥിരതയുള്ള സംവിധാനത്തിന് വഴിയൊരുക്കുമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. സഹകരണം, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ കാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്തുക എന്നത് റോസ്വെല് പാര്‍ക്കിന്റെ ദീര്‍ഘകാല പ്രതിബദ്ധതയാണെന്ന് റോസ്വെല് പാര്‍ക്ക് പ്രസിഡന്റും സിഇഒയുമായ ഡോ. കാന്‍ഡസ് എസ്. ജോണ്സണ് പറഞ്ഞു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ യുഎഇയിലും മേഖലയിലുമുള്ള രോഗികള്‍ക്ക് ലോകോത്തര തോറാസിക് കാന്‍സര്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കമെന്ന് റോസ്വെല് പാര്‍ക്കിലെ തോറാസിക് സര്‍ജറി വിഭാഗം ചെയര്‍മാനും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ ഡോ. സായി യെന്ദമുരി പറഞ്ഞു.