അമേരിക്കയില്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും: വിമാന സര്‍വീസുകള്‍ റദ്ദാക്കി

മസ്കത്ത്: ഒമാനില്‍ യാത്രാ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. നവംബര്‍ 23, തിങ്കളാഴ്ച പുലര്‍ച്ചെ 1.30ഓടെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ ഹൈമ-തുംറൈത്ത് പാതയിലാണ് അപകടം. 26 യാത്രക്കാരുമായി സഞ്ചരിച്ച ബസ് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടാമത്തെ ട്രക്കും ഉള്‍പ്പെട്ടതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഒമാനിലെ വടക്കന്‍ മേഖലകളെ തെക്കന്‍ പ്രവിശ്യകളായ ദോഫാര്‍, അല്‍ വുസ്ത എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡ്. എന്‍3 എന്നറിയപ്പെടുന്ന ഈ പാതയ്ക്ക് 855 കിലോമീറ്ററാണ് നീളം. ഈ പാതയില്‍ നേരത്തെയും നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോഡുകളില്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങളും വേഗപരിധിയും കര്‍ശനമായി അനുസരിക്കണമെന്നും ഒമാന്‍ അധികൃതര്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.