‘ഇമാറാത്ത് എന്നും ഖൈറാണ്’ സംഗീതോപഹാരവുമായി ഇഖ്ബാല്‍ മടക്കര

ദുബൈ: ഇമാറാത്തിനോടുള്ള ആദരവും ആത്മവിശ്വാസവും അര്‍പ്പിച്ചുകൊണ്ടുള്ള ഇഖ്ബാല്‍ മടക്കരയുടെ സംഗീത ആല്‍ബം ഇത്തവണയും ശ്രദ്ധനേടുന്നു. യുഎഇ ദേശീയദിനം അടുത്തെത്തുമ്പോള്‍ ഇഖ്ബാലിന്റെ പാട്ടിനെക്കുറിച്ച് പലരും ഓര്‍ത്തെടുക്കാറുണ്ട്. 2013ല്‍ ആരംഭിച്ച ആ സംഗീതയാത്ര ഇന്ന് ഒമ്പതാമത്തെ ആല്‍ബത്തിലെത്തി നില്‍ക്കുകയാണ്. ഇത്തവണത്തെ ഗാനം സമകാലിക സാഹചര്യങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവെച്ചാണ് ഒരുക്കിയിരിക്കുന്നത്. ‘ഈ നാടൊരു നാടാണ്, ഇമാറാത്ത് എന്നും ഖൈറാണ്…’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം, ആശങ്കകളുടെയും ഭീതിയുടെയും നാളുകളില്‍ ചേര്‍ത്തുപിടിച്ചും വിപത്തുകളില്‍നിന്ന് സംരക്ഷിച്ചും ‘ഭയപ്പെടേണ്ട, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’ എന്ന ഉറപ്പിലൂടെ ആത്മവിശ്വാസം പകര്‍ന്നും ചേര്‍ത്തുനിര്‍ത്തിയ ഈ രാജ്യത്തിന്റെ കരുതലിനും സ്നേഹത്തിനും നന്ദി പറയുന്നു. ‘കനിവാര്‍ന്ന കൈകള്‍ നീട്ടിത്തന്നു, നനയും കണ്കള് തുടച്ചുതന്നു…പതറാത്തൊരു ചുവടൊരുക്കി, പ്രതീക്ഷയുടെ വിരിയൊരുക്കി…’ എന്നിങ്ങനെ മുന്നേറുന്ന വരികളില്‍ അഭയവും ആശ്വാസവും പ്രതീക്ഷയും പകരുന്ന യുഎഇയുടെ കരുതലാണ് നിറയുന്നത്. രാജ്യത്തോടുള്ള സ്നേഹവും നന്ദിയും സംഗീതത്തിലൂടെ പങ്കുവെക്കുകയാണ് ഇഖ്ബാലും സംഘവും.
ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ഇഖ്ബാല്‍ മടക്കര തന്നെയാണ്. അനസ് പള്ളിക്കണ്ടി, അബ്ലജ മുജീബ്, ഹസീന മഹമൂദ് എന്നിവരും ഇഖ്ബാലിനൊപ്പം പാടുന്നുണ്ട്. റുഷ്ദി റോപിക്സ് ചിത്രീകരണം നിര്‍വഹിച്ച ആല്‍ബത്തിന്റെ സംവിധാനം ഗഫൂര്‍ മടക്കരയാണ്.
സലീല്‍ മലപ്പുറം റെക്കോഡിങ്ങും ലിജിത്ത് ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു.
യുഎഇ എന്ന രാജ്യത്തോടുള്ള കടപ്പാടും ആദരവും ഓരോ വര്‍ഷവും ഓരോ ഗാനത്തിലൂടെ അടയാളപ്പെടുത്തുന്ന ഈ സംഗീതസപര്യ, ഒരു കലാകാരന്റെ സര്ഗാത്മകതയ്ക്കപ്പുറം താന്‍ ജീവിക്കുന്ന മണ്ണിനോടുള്ള ഹൃദയബന്ധത്തിന്റെ കൂടി അടയാളമാകുന്നു. ആദ്യഗാനമായ ‘ഇവിടെ നാം മുസാഫിര്‍’ എന്ന ഗാനത്തിന് ലഭിച്ച അസാധാരണമായ പിന്തുണയും പ്രേക്ഷകരുടെ സ്നേഹവുമാണ് ഓരോ ദേശീയദിനത്തിലും പുതിയൊരു ഗാനം ഒരുക്കാന്‍ ഇഖ്ബാലിന് പ്രചോദനമാകുന്നത്. അന്ന് തുടങ്ങിയ ആ സര്ഗസപര്യയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും മുടങ്ങാതെ തുടരുന്നത്. 2007 മുതല്‍ പ്രവാസജീവിതം നയിക്കുന്ന ഇഖ്ബാല്‍ മടക്കരയുടെ രചനയിലും സംഗീതത്തിലും ചലച്ചിത്ര പിന്നണിഗായകരായ സുജാത മോഹന്‍, ശ്വേത മോഹന്‍, പി. ജയചന്ദ്രന്, പി. ഉണ്ണികൃഷ്ണന്, കണ്ണൂര്‍ ശരീഫ്, രഹന തുടങ്ങിയ കേരളത്തിലെ ഒട്ടുമിക്ക ഗായകരും പാടിയിട്ടുണ്ട്. കണ്ണൂര്‍ മടക്കര സ്വദേശിയായ ഇഖ്ബാല്‍ ദുബൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.