യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

ഷാര്‍ജ: ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ അയച്ച് മരുഭൂമിയിലേക്ക് വിളിച്ചുവരുത്തി യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്ക് വധശിക്ഷ. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പ്രധാന പ്രതികള്‍ക്ക് യു.എ.ഇ. ഫെഡറല്‍ സുപ്രീം കോടതി ആണ് വധശിക്ഷ വിധിച്ചത്.
കൊലപാതകം നടപ്പിലാക്കിയയാള്ക്കും, ഇതിന്റെ സൂത്രധാരനും വധശിക്ഷ നല്കിയപ്പോള്, വിവരം പോലീസില്‍ അറിയിച്ചില്ല എന്ന കുറ്റത്തിന് മൂന്നാമതൊരാള്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു.
സാമ്പത്തിക തര്‍ക്കം രൂക്ഷമായതോടെയാണ് യുവാവിനെ വധിക്കാന്‍ എതിരാളികള്‍ പദ്ധതിയിട്ടത്. കൊല്ലപ്പെട്ട യുവാവിനെ പ്രതികള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സംശയം തോന്നാത്ത രീതിയില്‍ ഇയാളെ സംഭവസ്ഥലത്തെത്തിക്കാന്‍ പ്രതികള്‍ പുതിയ വഴി കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തായ മൂന്നാമതൊരാളെക്കൊണ്ട് വാട്ട്സ്ആപ്പില്‍ ഒരു ലൊക്കേഷന്‍ അയപ്പിച്ചു. മെസ്സേജില്‍ വാക്കുകളോ മറ്റ് വിശദീകരണങ്ങളോ ഉണ്ടായിരുന്നില്ല. വെറുമൊരു ഗൂഗിള്‍ മാപ്സ് ലൊക്കേഷന്‍ മാത്രം. സുഹൃത്ത് അയച്ച സന്ദേശമായതിനാല്‍ സംശയിക്കാതെ യുവാവ് മരുഭൂമിയിലെ വിജനമായ സ്ഥലത്തേക്ക് എത്തുകയായിരുന്നു.
യുവാവ് സ്ഥലത്തെത്തിയ ഉടന്‍ തന്നെ പ്രതികള്‍ ഇയാളെ വളയുകയും തുടര്‍ന്നുള്ള അക്രമത്തിനിടെ പ്രതികളിലൊരാള്‍ യുവാവിന്റെ നെഞ്ചില്‍ ആഴത്തില്‍ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പ്രതികള്‍ തന്നെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, എമര്‍ജന്‍സി വിഭാഗത്തിന്റെ പ്രവേശന കവാടത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
വാട്ട്സ്ആപ്പില്‍ ലൊക്കേഷന്‍ അയച്ച മൂന്നാമന് കൊലപാതക പദ്ധതിയെക്കുറിച്ചോ ഗൂഢാലോചനയെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയ കോടതി, കുറ്റകൃത്യം അധികാരികളെ അറിയിച്ചില്ല എന്ന കാരണത്താല്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ മാത്രം നല്കി.