സോഷ്യല്‍ മീഡിയ ഫത്വകള്ക്കെതിരെ യുഎഇ ഫത്വ കൗണ്‍സില്‍ മുന്നറിയിപ്പ്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുടെ യോഗം നാളെ
തിരുവനന്തപുരം: ലഹരി മാഫിയയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കിവരുന്ന ഓപ്പറേഷന് തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. ‘ലഹരി മാഫിയക്ക് സംസ്ഥാന അതിര്‍ത്തികള്‍ ബാധകമല്ലെങ്കില്‍, അവരെ നേരിടുന്ന നമ്മുടെ നിയമപാലകര്‍ക്കും അതിരുകളുണ്ടാകരുതെന്ന്’ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അടിയന്തര സംയുക്ത യോഗം നാളെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ക്കുകയാണ്. കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിന്‍ നിലനില്‍ക്കുന്നത് അയല്‍സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് താഴേത്തട്ടിലുള്ള പോലീസ് നടപടികള്‍ക്കൊപ്പം മാക്രോ ലെവലിലുള്ള അന്തര്‍സംസ്ഥാന സുരക്ഷാ ഏകോപനത്തിനും ആഭ്യന്തര വകുപ്പ് മുന്‍ഗണന നല്കുന്നു. ലഹരി സിന്‍ഡിക്കേറ്റുകളുടെ വേരറുക്കാന്‍ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയല്‍സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത പ്രതിരോധ ശൃംഖല എന്ന ഘട്ടത്തിലേക്ക് ഓപ്പറേഷന് തൂഫാന് കടക്കുകയാണ്.
അയല്‍സംസ്ഥാനങ്ങളുമായി ‘ഇന്റലിജന്‍സ് സിന്‍ക്രോണിസിറ്റി’ അഥവാ തത്സമയ വിവര കൈമാറ്റ സംവിധാനമാണ് കേരളം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇന്നലെ ബംഗളൂരു വിധാനസൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഓപ്പറേഷന് തൂഫാനു’മായി കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടി ഒരു കേന്ദ്രീകൃത ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിലൂടെ ലഹരി കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ഇടപാടുകളെയും കൃത്യമായി മാപ്പ് ചെയ്യാന്‍ കേരളാ പൊലീസിന് സാധിക്കും. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനകളില്‍ ഒതുങ്ങാതെ അന്തര്‍സംസ്ഥാന ട്രെയിനുകള്‍, ദീര്‍ഘദൂര ബസുകള്‍, സ്വകാര്യ കൊറിയര്‍ ശൃംഖലകള്‍ എന്നിവ വഴിയുള്ള ലഹരി കൈമാറ്റങ്ങളെയും ഈ സംയുക്ത നീക്കം നിരീക്ഷിക്കും. സ്മാര്‍ട്ട് പെട്രോളിംഗും സൈബര്‍ നിരീക്ഷണവും സംയുക്തമായി നടപ്പിലാക്കാനുള്ള ആലോചനകളും നാളത്തെ യോഗത്തില്‍ ചര്‍ച്ചയാകും. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാര്‍ ഓപ്പറേഷന് തൂഫാനുമായി സഹകരിച്ച് കേരളത്തിലെത്തി യോഗത്തില്‍ പങ്കെടുക്കുകയാണ്. നമ്മുടെ പോലീസ് മേധാവിയും ഓപ്പറേഷന് തൂഫാന് സ്റ്റേറ്റ് നോഡല്‍ ഓഫീസറും ആഭ്യന്തരവകുപ്പ് മന്ത്രിയും പങ്കെടുക്കുന്ന നാളത്തെ കോണ്‍ഫറന്‍സ്, ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തില്‍ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുന്ന ഒന്നാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.