ഡോളര്‍ ദുര്‍ബലം; സ്വര്‍ണം ശക്തം; പവന് 2120 രൂപ വര്‍ധിച്ചു

ദുബൈ: ഷെയറിംഗ് താമസത്തിന് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ദുബൈയില്‍ വാടക സൂചിക പുറത്തിറക്കും. പുതിയ നിയമം ഓഗസ്റ്റ് അവസാനത്തില്‍ പ്രാബല്യത്തില്‍ വരും. താമസ മുറികളും ഫഌറ്റുകളും ഷെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള 2026ലെ ദുബൈ നിയമം നമ്പര്‍ 4 പ്രകാരം, ഓഗസ്റ്റ് അവസാനത്തോടെ നടപ്പില്‍ വരും. ഇതിനായി ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഷെയര്‍ഡ് ഹൗസിംഗ് യൂണിറ്റുകള്‍ക്കായുള്ള പ്രത്യേക വാടക സൂചിക തയ്യാറാക്കുകയും ഇടയ്ക്കിടെ പുതുക്കുകയും ചെയ്യും. ഓരോ യൂണിറ്റിന്റെയും സാങ്കേതിക സൗകര്യങ്ങള്‍, സേവന നിലവാരം തുടങ്ങിയവ പരിഗണിച്ചായിരിക്കും വാടക സൂചിക നിശ്ചയിക്കുക. സൂചിക എപ്പോള്‍ നിലവില്‍ വരും, വാടക മുറി, ബെഡ് സ്പേസ്, അല്ലെങ്കില്‍ ഓരോ താമസക്കാരനും അനുവദിച്ചിരിക്കുന്ന വിസ്തീര്‍ണം എന്നിവയുടെ അടിസ്ഥാനത്തിലാണോ കണക്കാക്കുക എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ ദുബൈയില്‍ സാധാരണ വാടക വര്‍ധന നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന റെന്റല്‍ ഇന്റക്സിന് പുറമെയാണ് ഷെയര്‍ഡ് ഹൗസിംഗിനായി പ്രത്യേക സൂചിക കൊണ്ടുവരിക. ഇതിലൂചെ വാടകക്കാര്‍ക്കും ഉടമകള്‍ക്കും നേട്ടങ്ങളുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. അനൗപചാരികമായി വാടക നിശ്ചയിക്കുന്ന രീതി കുറയും. വാടക നിര്‍ണയത്തില്‍ കൂടുതല്‍ സുതാര്യതയും ഏകീകരണവും ഉണ്ടാകും. ഉടമകള്‍ക്ക് അമിത വാടക ഈടാക്കാനുള്ള സാധ്യത കുറയുമെങ്കിലും, വിപണി നിലവാരത്തിനനുസരിച്ചുള്ള സ്ഥിരതയുള്ള വരുമാനം ലഭിക്കാന്‍ സഹായിക്കും. ഷെയര്‍ഡ് ഹൗസിംഗിനായി പ്രത്യേക രജിസ്റ്റര്‍ ചെയ്യണം. ഈ രജിസ്റ്റര്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ ഡിജിറ്റല്‍ പെര്‍മിറ്റ് സംവിധാനവുമായി ബന്ധിപ്പിക്കും. പുതിയ നിയമപ്രകാരം ഷെയറിംഗ് വാടകക്ക് കൊടുക്കാന്‍ പെര്‍മിറ്റ് നിര്‍ബന്ധമാണ്. പെര്‍മിറ്റ് ഇല്ലാതെ ഒരു വീടും ഷെയര്‍ഡ് ഹൗസിംഗായി ഉപയോഗിക്കാന്‍ അനുവദിക്കില്ല. സാധാരണയായി പെര്‍മിറ്റിന് ഒരു വര്‍ഷത്തെ കാലാവധിയായിരിക്കും, പിന്നീട് പുതുക്കാം. ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തെ പെര്‍മിറ്റിനും അപേക്ഷിക്കാം.
പെര്‍മിറ്റ് ലഭിക്കാന്‍ കെട്ടിടം നിര്‍മാണം, ആരോഗ്യസംരക്ഷണം, അഗ്നിസുരക്ഷ, ശുചിത്വം, സുരക്ഷ, വൈദ്യുതി സുരക്ഷ തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ഇപ്പോള്‍ ഷെയര്‍ഡ് ഹൗസിംഗ് നടത്തിവരുന്ന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ നിയമം പാലിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ആവശ്യമായാല്‍ ഒരുതവണ അധിക സമയം അനുവദിക്കാം. നിയമലംഘനത്തിന് 500 ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താം. ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും നിയമലംഘനം നടത്തിയാല്‍ പിഴ ഇരട്ടിയാക്കാം, പരമാവധി 10 ലക്ഷം ദിര്‍ഹം വരെ.