സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

ബ്രസല്‍സ്: കുട്ടികള്‍ക്കിടയിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന് ഒരുങ്ങുന്നു. കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം ഒരുക്കുന്നതിനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമാണിത്. 27 അംഗരാജ്യങ്ങളിലാകെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന് അറിയിച്ചു. ഇതുസംബന്ധിച്ച ശുപാര്‍ശകളും നിയമനിര്‍മാണ നിര്‍ദേശവും യൂറോപ്യന്‍ കമ്മീഷന് തയ്യാറാക്കുകയാണ്. വേനല്‍ക്കാല അവധിക്ക് ശേഷം ഇത് അംഗീകരിക്കുകയും സെപ്റ്റംബറില്‍ ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്യും.
പ്രായവിഭാഗങ്ങള്‍ അടിസ്ഥാനമാക്കി ഘട്ടംഘട്ടമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ അധ്യാപകരുടെയോ മേല്‍നോട്ടത്തില്‍, പരിമിത സമയത്തേക്ക് മാത്രമേ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാന്‍ അനുമതിയുണ്ടാകൂ. പ്രായം കൂടുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. പരമ്പരാഗത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് പുറമെ, കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തതോ അമിത ഉപയോഗത്തിന് അടിമയാക്കാന്‍ സാധ്യതയുള്ളതോ ആയ മറ്റ് ഡിജിറ്റല്‍ സേവനങ്ങളെയും ‘സോഷ്യല്‍ മീഡിയ പ്ലസ്’ എന്ന വിശാല വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കുമെന്നും വോണ്‍ ഡെര്‍ ലെയന് പറഞ്ഞു. കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ മാധ്യമങ്ങളുടെ സന്തുലിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയന്റെ ഈ പുതിയ നീക്കവും വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല.