യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

ദുബൈ: യുഎഇയിലെ ലുലു സ്റ്റോറുകളില്‍ UPI വഴി പണമടയ്ക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 10 ശതമാനം തല്‍ക്ഷണ ഇളവ് ലഭിക്കുന്ന പ്രത്യേക കാമ്പയിന് ലുലു സ്റ്റോറുകളില്‍ തുടക്കമായി. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡുമായി (NIPL) സഹകരിച്ചാണ് പദ്ധതി.
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ UPIയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനുമാണ് ഈ പദ്ധതി. ഇന്ത്യയില്‍ പതിവായി ഉപയോഗിക്കുന്ന UPI ആപ്പുകള്‍ വഴി യുഎഇയിലും പണമടച്ച് ഇളവ് നേടാന്‍ ഇതിലൂടെ സാധിക്കും.
ദുബൈ സിലിക്കണ്‍ ഒയാസിസിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്ലോബല്‍ ഡയറക്ടര്‍ സലിം എം.എ യുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. എമ്മാഡി വിഷ്ണു വര്ധന് റെഡ്ഡി കാമ്പയിന് ഉദ്ഘാടനം ചെയ്തു. UPIയുടെ ഉപയോഗം യുഎഇയില്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനും ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ്ങിനും ലുലുവിന്റെ ക്യാമ്പയില്‍ കരുത്തേകുമെന്ന്
ഡോ. വിഷ്ണു വര്ധന് റെഡ്ഡി പറഞ്ഞു. റീട്ടെയില്‍ ഷോപ്പിങ്ങിന് നല്കുന്ന 10 ശതമാനം ഇളവ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ ഉപയോഗിക്കുന്ന അതേ പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് യുഎഇയിലെ ലുലുവിലും ഷോപ്പിങ് നടത്താനും തല്‍ക്ഷണം ഇളവ് നേടാനും ഈ കാമ്പയിനിലൂടെ സാധിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവവും ഉറപ്പാക്കാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ക്യാമ്പയിനെന്ന് സലിം എം.എ. പറഞ്ഞു. ഇന്ത്യന്‍ സമൂഹവുമായി ലുലുവിനുള്ള ദീര്‍ഘകാല ബന്ധവും യുഎഇയുടെ ടൂറിസം മേഖലയിലെ ഇന്ത്യന്‍ സന്ദര്‍ശകരുടെ പങ്കാളിത്വവും പ്രത്യേകം എടുത്തുകാണേണ്ടതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. PhonePe, Google Pay ഉള്‍പ്പെടെയുള്ള അംഗീകൃത UPI ആപ്പുകള്‍ ഉപയോഗിച്ച് കാമ്പയിനിന്റെ ആനുകൂല്യം നേടാം. പണമടയ്ക്കുന്ന സമയത്ത് തന്നെ 10 ശതമാനം ഇളവ് ലഭിക്കും. കുറഞ്ഞ വാങ്ങല്‍ തുകയെന്ന നിബന്ധനയില്ല. യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.