സംഘര്‍ഷം നിര്‍ത്തി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അറബ് ലീഗ്

വാഷിംഗ്ടണ്‍: നാളിതുവരെയുള്ള ഇറാന് ആക്രമണത്തില്‍ 16 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്റ് അറിയിച്ചു. ഏറ്റവുമൊടുവില്‍ ജോര്‍ദാനില്‍ ഇന്നലെ ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ രണ്ട് അമേരിക്കന്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനുമായുള്ള സംഘര്‍ഷത്തില്‍ മരിച്ച അമേരിക്കന്‍ സൈനികരുടെ എണ്ണം 16 ആയി. ഒരു സൈനികനെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. വിപുലമായ കരയുദ്ധം ഇല്ലെങ്കിലും ഡ്രോണുകള്‍, മിസൈലുകള്‍, വ്യോമാക്രമണങ്ങള്‍ എന്നിവയിലൂടെയാണ് സംഘര്‍ഷം തുടരുന്നത്. ഇതുമൂലം മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികര്‍ ഇറാന്റെ തിരിച്ചടികള്‍ക്ക് കൂടുതല്‍ ഇരയാകുകയാണ്. ഫെബ്രുവരി 28ന് കുവൈത്തിലെ ഒരു തുറമുഖത്തിന് നേരെയുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് യുഎസിന്റെ ആദ്യ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സൗദി അറേബ്യയിലെ ഒരു വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു സൈനികനും മരിച്ചു. മാര്‍ച്ചില്‍ ഇറാഖില്‍ ഒരു കെസി135 ഇന്ധനവിതരണ വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് ആറ് അമേരിക്കന്‍ സൈനികര്‍ കൂടി മരിച്ചു. ജൂലൈ 1ന് അറബിക്കടലില്‍ നേവി ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ഒരു നേവി പൈലറ്റും മരിച്ചു. മറ്റ് മൂന്ന് നാവികരെ രക്ഷപ്പെടുത്തി. ഇറാന് സംഘര്‍ഷത്തില്‍ 400 ലധികം യു.എസ് സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോര്‍ദാനില്‍ ഇന്നലെ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ പേരുകള്‍ അവരുടെ കുടുംബങ്ങളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂവെന്ന് സെന്‍ട്രല്‍ കമാന്‍ന്റ് അറിയിച്ചു. ഇറാന് യുഎസ് സംഘര്‍ഷത്തില്‍ അമേരിക്കന്‍ സൈനികര്‍ മാത്രമല്ല, നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ അമേരിക്കന്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 50 പേര് കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍, ഇസ്രായേല്‍, ലെബനന് എന്നിവിടങ്ങളിലുമുള്ള സാധാരണക്കാരും വിദേശ തൊഴിലാളികളും ഈ യുദ്ധത്തിന്റെ ഇരകളായിട്ടുണ്ട്.