സംഘര്‍ഷം നിര്‍ത്തി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അറബ് ലീഗ്

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്തിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നിയമസാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മംദാനി വ്യക്തമാക്കി. നെതന്യാഹു ‘യുദ്ധക്കുറ്റവാളി’യാണെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC) അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മംദാനി അറിയിച്ചു. ദി ന്യൂയോര്‍ക്ക് ടൈംസ് സംഘടിപ്പിച്ച ‘ദി ഇന്റര്‍വ്യൂ’ പോഡ്കാസ്റ്റിലാണ് മംദാനി തന്റെ നിലപാട് വിശദീകരിച്ചത്. നെതന്യാഹു ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടേണ്ടതാണെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം സ്വീകരിച്ച നടപടികള്‍ അതിന് മതിയായ അടിസ്ഥാനമാണെന്നും മംദാനി അഭിപ്രായപ്പെട്ടു. ഗസ്സയിലെ ഇസ്രാഈല്‍ സൈനിക നടപടികളെ ‘വംശഹത്യ’യെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന വാഗ്ദാനം മംദാനി മുന്നോട്ടുവെച്ചിരുന്നു.
സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്താന്‍ സാധ്യതയുണ്ട്. 2024ല്‍ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും ചുമത്തി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനും മറ്റ് ചില ഇസ്രാഈല്‍ നേതാക്കള്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഐസിസിയുടെ റോം ചട്ടത്തില്‍ അമേരിക്ക അംഗമല്ലാത്തതിനാല്‍ ആ വാറണ്ടിനെ അമേരിക്കന്‍ ഭരണകൂടം അംഗീകരിക്കുന്നില്ല. മുന്‍ പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും ഐസിസിയുടെ നടപടിയെ തള്ളിക്കളഞ്ഞിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ ഐസിസിയെ പിരിച്ചുവിടണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, മംദാനിയുടെ പ്രസ്താവനയെ ‘രാഷ്ട്രീയ നാടകം’ എന്നാണ് അമേരിക്കയിലെ ഇസ്രയേല്‍ അനുകൂല സംഘടനകള്‍ വിശേഷിപ്പിച്ചത്. അമേരിക്ക ഐസിസിയില്‍ അംഗമല്ലാത്തതിനാല്‍ ഇത്തരമൊരു അറസ്റ്റ് നടപടിക്ക് നിയമപരമായ സാധുതയില്ലെന്നാണ് അവരുടെ വാദം. അറസ്റ്റിനെക്കുറിച്ചുള്ള ആശങ്കകള്‍ നെതന്യാഹു നേരത്തേ തന്നെ തള്ളിക്കളഞ്ഞിരുന്നു. അദ്ദേഹം ന്യൂയോര്‍ക്കിലെത്തുമെന്ന പ്രതീക്ഷയും ഇസ്രയേല്‍ അനുകൂല സംഘടനകള്‍ പ്രകടിപ്പിച്ചു.