ഈദ് അല്‍ ഇത്തിഹാദ്; വെടിക്കെട്ട് എവിടെ നിന്ന് കാണാം: സ്ഥലവും സമയവും അറിയിച്ച് അബുദാബി പോലീസ്

അബുദാബി: അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ക്യൂ നില്ക്കാതെയും സാധാരണ ഗേറ്റുകള്‍ വഴിയല്ലാതെയും വേഗത്തില്‍ പാസ്പോര്‍ട്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ‘യുഎഇ സ്മാര്‍ട്ട് കോറിഡോര്‍’ പ്രവര്‍ത്തനം ആരംഭിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഈ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ഐസിപിയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട് സെക്യൂരിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പദ്ധതി, യാത്രക്കാരുടെ വിവരങ്ങള്‍ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടന്നുപോകുന്നതിനിടെ തന്നെ തത്സമയം പരിശോധിച്ച് യാത്രാനുമതി നല്കുന്നു. വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.
ഏത് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഏത് രാജ്യത്തേക്ക് പോകുന്നവര്‍ക്കും ഈ സ്മാര്‍ട്ട് കോറിഡോര്‍ സേവനം ലഭ്യമാണ്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.
ഡിജിറ്റല്‍ ഗവേണന്‍സ് രംഗത്ത് യുഎഇയുടെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനമാണ് ഈ സ്മാര്‍ട്ട് കോറിഡോറെന്ന് നിര്‍മ്മിത ബുദ്ധി ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജുമാ അബ്ദുല്ല അല്‍ കാബി പറഞ്ഞു. വ്യോമയാന, വിനോദസഞ്ചാര മേഖലകളുടെ വളര്‍ച്ചയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ യാത്രാ കേന്ദ്രമായി യുഎഇയെ മാറ്റാന്‍ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.