`മരണം വരെയും കോണ്‍ഗ്രസിനായി പോരാടും’: ദുബൈയില്‍ നിന്ന് മടങ്ങി കെ. സുധാകരന്

ദുബൈ: യുഎഇയുടെ 55ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒ ഗോള്‍ഡ് അവതരിപ്പിക്കുന്ന റെമിറ്റ്ലി കേരളോത്സവം 2026 ഡിസംബര്‍ 2, 3 തീയതികളില്‍ ദുബൈ അല്‍ ഖുസൈസിലെ അമിറ്റി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വൈകിട്ട് നാലുമുതല്‍ ആഘോഷപരിപാടികള്‍ അരങ്ങേറും. ഡിസംബര്‍ 2ന് വൈകുന്നേരം 7.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത മലയാള ചലച്ചിത്രതാരം നിഖില വിമല്‍ പങ്കെടുക്കും. ഡിസംബര്‍ 3ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, സാമൂഹികസാംസ്കാരിക രംഗത്തെ പ്രതിനിധികള്‍ തുടങ്ങിയവരും വിവിധ പരിപാടികളില്‍ പങ്കെടുക്കും. കേരളത്തിന്റെ തനതായ കലാസാംസ്കാരിക പൈതൃകവും ഗ്രാമോത്സവത്തിന്റെ വര്‍ണവൈവിധ്യവും പ്രവാസമണ്ണില്‍ പുനരാവിഷ്കരിക്കുകയാണ് കേരളോത്സവത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മേളപ്പെരുമയുമായി പഞ്ചാരി, ശിങ്കാരി, പഞ്ചവാദ്യം തുടങ്ങിയ വിവിധ മേളവാദ്യങ്ങളുടെ സമന്വയവും കലാപരിപാടികളും അരങ്ങേറും. പ്രശസ്ത പിന്നണിഗായിക ജോത്സ്നയുടെ ബാന്‍ഡ് പ്രകടനത്തോടൊപ്പം അഭിജിത് ദാമോദരനും ആദ്യദിവസത്തെ സംഗീതവിരുന്നില്‍ അണിചേരും. രണ്ടാം ദിവസം യുവഗായകര്ക്കൊപ്പം പ്രശസ്ത ഗായിക സയനോര, പുഷ്പവതി, അരവിന്ദ് വേണുഗോപാല്‍ എന്നിവര്‍ അണിനിരക്കുന്ന ‘തെനാലി ടെയില്‍സ്’ ബാന്‍ഡ് പ്രകടനവും അരങ്ങേറും.
നൂറോളം വര്‍ക്ക്ഷോപ്പുകള്‍ അണിനിരക്കുന്ന കുടമാറ്റവും ആനയും ആനന്ദകരമായ ഉത്സവക്കാഴ്ചകളും പ്രധാന ആകര്‍ഷണങ്ങളാകും. പൂക്കാവടി, തെയ്യം, കാവടിയാട്ടം, നാടന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്രയും തെരുവുനാടകങ്ങള്‍, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, കോല്‍ക്കളി, പൂരക്കളി, സംഗീതശില്പം, സൈക്കിള്‍ യജ്ഞം എന്നിവയും ഉത്സവനഗരിയെ സജീവമാക്കും. കേരളത്തിന്റെ തനതുരുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും ഒരുക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കേരളോത്സവം സംഘാടകസമിതി ഭാരവാഹികളായ എന്‍. കെ കുഞ്ഞഹമ്മദ്, ഷിജു ബഷീര്‍, അംബുജാക്ഷന്, പ്രദീപ് തോപ്പില്‍, സോണിയ ഷിനോയ്, ജിസ്മി, റഷീദ് മട്ടന്നൂര്‍ എന്നിവരും ഓര്മ പ്രതിനിധികളും റെമിറ്റ്ലി പ്രതിനിധികളായ ഷഹാന് ഖാന്, മുഹമ്മദ് കുഞ്ഞി, ഒ ഗോള്‍ഡ് പ്രതിനിധി നാദിയ ബൊട്ടോറോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.