`മരണം വരെയും കോണ്‍ഗ്രസിനായി പോരാടും’: ദുബൈയില്‍ നിന്ന് മടങ്ങി കെ. സുധാകരന്

ദുബൈ: സ്വര്‍ണക്കൊട്ടാരം തന്നാല്‍ പോലും മരണം വരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പോരാടുമെന്ന് കെ. സുധാകരന്. ദുബൈയിലെ ആശുപത്രിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് സുധാകരന് ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താന്‍ നാളെ പാര്‍ലമെന്റില്‍ ഉണ്ടാകുമെന്നും കെ. സുധാകരന് പറഞ്ഞു. ചികിത്സയ്ക്ക് പോകാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ബിജെപി എന്നെ കൊണ്ടുപോകും എന്ന് ചിലര്‍ പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ ഒരാളും വിശ്വസിക്കരുത്. ഞാന്‍ ധീരനായ കോണ്‍ഗ്രസ് പടയാളിയാണെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
മണ്ഡലപുനര്‍നിര്‍ണയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം ചികിത്സയ്ക്കായി ദുബൈലേക്ക് പോയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ, സുധാകരനോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ പിതാവിനെ കാണാന്‍ അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് മകന് രംഗത്തെത്തി. ബിജെപി നേതാക്കള്‍ അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചിരിക്കുന്നതായും ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചിരുന്നു. പിന്നാലെയാണ് ആശുപത്രിയില്‍നിന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.