യുഎഇ ദേശീയദിനാഘോഷം: കെഎംസിസി രക്തദാന ക്യാമ്പ് ഡിസംബര്‍ 2ന്

ദുബൈ: യുഎഇയുടെ 55ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി, കൈന്ഡ്നസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ഡിസംബര്‍ 2ന് ദുബൈ ഹെല്‍ത്ത് ഹെഡ്കോര്‍ട്ടര്‍ ജദ്ദാഫ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ മെഗാ രക്തദാന ഡ്രൈവ് സംഘടിപ്പിക്കും. 500 പേരെ രക്തദാനത്തില്‍ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ പത്ത് വര്‍ഷമായി യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് കൈന്ഡ്നസ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ സഹകരണത്തോടെ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിന്റെ പത്താം വാര്‍ഷികവും യുഎഇയുടെ 55ാമത് ദേശീയദിനാഘോഷവും ഡിസംബര്‍ 2ന് രാവിലെ 11 മണിക്ക് ദുബൈ ഹെല്‍ത്ത് ആസ്ഥാനത്ത് കേക്ക് മുറിച്ചും ദേശീയദിന സന്ദേശം കൈമാറിയും ആഘോഷിക്കും. രക്തദാന ഡ്രൈവ് രാവിലെ 8 മണി മുതല്‍
ഉച്ചക്ക് രണ്ടു മണിവരെയാണ്.
ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ പങ്കെടുപ്പിക്കുന്ന മുനിസിപ്പാലിറ്റി, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ക്കും വിവിധ കമ്പനികള്‍ക്കും പ്രത്യേക പ്രശംസാപത്രം നല്‍കും. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്യാമ്പിലെത്തുന്നതിനായി സൗജന്യ ബസ് സൗകര്യവും ജദ്ദാഫ് മെട്രോ സ്റ്റേഷനില്‍ നിന്ന് ഓരോ 20 മിനിറ്റ് ഇടവിട്ട് ഷട്ടില്‍ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും രക്തദാനത്തില്‍ പങ്കാളികളാകുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്. സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, ഇസ്മായില്‍ നാലാംവാതുക്കല്, ഹനീഫ് ബാവ നഗര്‍, കെ.പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, സി.എ ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി, അഷ്റഫ് ബായാര്‍, ഫൈസല്‍ മുഹ്സിന് തളങ്കര, സുബൈര്‍ കുബണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു. രജിസ്ട്രേഷന് ലിങ്ക്: https://forms.gle/U96gc4ke6aiKpEWu6