അപകടമില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബിയില്‍ 4 ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കാം

അബുദാബി: യുഎഇയുടെ 55ാമത് ദേശീയ ദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ച് വാഹനമോടിക്കുന്നവര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കാന്‍ അവസരമൊരുക്കി അബുദാബി പൊലീസ്. സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ‘സെലിബ്രേറ്റ് സേഫ്ലി’ എന്ന പേരിലാണ് പ്രത്യേക കാമ്പയിന് ആരംഭിച്ചത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ താല്പര്യമുള്ളവര് അബുദാബി പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് ദിവസവും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും വേണം. ഡിസംബര്‍ 1 മുതല്‍ 3 വരെ ഗതാഗത നിയമലംഘനങ്ങളിലോ റോഡപകടങ്ങളിലോ ഉള്‍പ്പെടാത്തവര്‍ക്കാണ് നാല് ബ്ലാക്ക് പോയിന്റുകള്‍ കുറച്ചുനല്‍കുക. അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, അനധികൃത വാഹന റാലികള്‍, പാര്‍ട്ടി സ്പ്രേ ക്യാനുകളുടെ ഉപയോഗം തുടങ്ങിയവ ഒഴിവാക്കണം.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും റോഡുകള്‍ തടസ്സപ്പെടുത്തുകയോ മറ്റ് വാഹനങ്ങള്‍ക്ക് യാത്രാതടസ്സം സൃഷ്ടിക്കുകയോ ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കുമ്പോഴും നിബന്ധനകള്‍ പാലിക്കണം. വാഹനങ്ങളുടെ മുന്‍വശങ്ങളിലെ ഗ്ലാസുകളില്‍ സ്റ്റിക്കറുകള്‍ പതിക്കരുത്. അനുമതിയില്ലാതെ വാഹനത്തിന്റെ ബോഡിയിലോ എന്‍ജിനിലോ മാറ്റങ്ങള്‍ വരുത്തരുത്. ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതും ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നതും അനുവദിക്കില്ല. നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുകയോ മാറ്റം വരുത്തുകയോ വാഹനത്തിന്റെ നിറം മാറ്റുകയോ വിന്‍ഡ്സ്ക്രീനില്‍ നിയമവിരുദ്ധമായി ടിന്റ് ചെയ്യുകയോ ചെയ്യരുത്. ദേശീയദിനാഘോഷവുമായി ബന്ധമില്ലാത്ത സ്കാര്‍ഫുകള്‍ ധരിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം-(https://es.adpolice.gov.ae/celebratesafely?utm_source=chatgpt.com)