അബുദാബി റോഡുകളില്‍ തുടര്‍ച്ചയായി വാഹനാപകടങ്ങള്‍: ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

റാസല്‍ഖൈമ: എണ്ണച്ചോര്‍ച്ച ഭീഷണിയെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി അടച്ചിട്ടിരുന്ന റാസല്‍ഖൈമയിലെ മുഴുവന്‍ ഹോട്ടല്‍ ബീച്ചുകളും വീണ്ടും തുറന്നു നല്‍കിയതായി റാസല്‍ഖൈമ പബ്ലിക് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
തീരപ്രദേശങ്ങളില്‍ ആഴ്ചകള്‍ നീണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ക്കായി കടല്‍ത്തീരങ്ങള്‍ വീണ്ടും തുറന്നത്. ഹോട്ടല്‍ ബീച്ചുകളെല്ലാം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായതായി അതോറിറ്റി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സ്ഥിരീകരിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഘട്ടം ഘട്ടമായാണ് മേഖലയിലെ ബീച്ചുകള്‍ തുറന്നു നല്‍കിയത്. പൊതു ബീച്ചുകളും റിസോര്‍ട്ട് തീരങ്ങളും ഉള്‍പ്പെടെ ഏഴ് ബീച്ചുകള്‍ നവംബര്‍ 11-ന് തുറന്നുകൊടുത്തിരുന്നു.
ഒക്ടോബര്‍ 23-ന് ഉമ്മുല്‍ ഖുവൈന്‍ തീരത്തിന് സമീപം എണ്ണക്കപ്പലില്‍ നിന്നുണ്ടായ ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്ന്, ഒക്ടോബര്‍ 24-നാണ് പബ്ലിക് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍കരുതല്‍ നടപടിയായി എല്ലാ ബീച്ചുകളും താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവിട്ടത്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.